ജിഡിപി മൂന്നാം പാദം വളർന്നു
Friday, February 28, 2025 11:30 PM IST
ന്യൂഡൽഹി: ഇന്ത്യൻ സാന്പത്തിക രംഗം 2024-25ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ മെച്ചപ്പെട്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ഇന്നലെ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
2024-25 സാന്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ മൂന്നാം പാദ കാലയളവിൽ ആഭ്യന്തര മൊത്ത ഉത്പാദനം (ജിഡിപി) 6.2 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. ജൂലൈ-സെപ്റ്റംബർ രണ്ടാം പാദ കാലയളവിൽ കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.6 ശതമാനത്തിലായിരുന്നു. 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്.
റോയിട്ടേഴ്സ് കഴിഞ്ഞ ആഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 53 സാന്പത്തിക ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയ ജിഡിപി അനുമാനം 6.3 ശതമാനമാണ്. റിസർവ് ബാങ്ക് ഇന്ത്യ 6.8 ശതമാനം വളർച്ചയാണു കണക്കാക്കാക്കിയത്.
2023-24 സാന്പത്തിക വർഷം 9.5 ശതമാനം വളർച്ച
2023-24 സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 9.5 ശതമാനം വളർച്ചയാണുണ്ടായത്. ആ സാന്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ച നിരക്ക് മുന്‍പ് കണക്കാക്കിയ 8.2 ശതമാനത്തിൽനിന്ന് 9.2 ശതമാനമായി പരിഷ്കരിച്ചു. ഇത് 2021-22 സാന്പത്തിക വർഷം (കോവിഡിന് ശേഷമുള്ള വർഷം) ഒഴികെ മുൻ 12 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
നടപ്പു സാന്പത്തിക വർഷം സർക്കാർ 6.5 ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍പത്തെ കണക്കുകൂട്ടലായ 6.4 ശതമാനത്തിൽ നിന്ന് അല്പം കൂടുതലാണ്. സർക്കാർ പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക് നാലു വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ളതാണ്.
ഒക്ടോബർ-ഡിസംബർ കാലയളവിൽ സർക്കാരിന്റെ മൂലധനച്ചെലവ് ഉയർന്നതും ഗ്രാമീണ മേഖലകളിൽ വാങ്ങലുകൾ കൂടിയതും മൂന്നാം പാദത്തിൽ വളർച്ചയ്ക്കിടയാക്കി. അനുകൂലമായ മണ്‍സൂണ്‍ കാർഷികോത്പാദനം മെച്ചപ്പെടുത്തി, പ്രധാന ഖാരിഫ് വിളകളുടെ ഉയർന്ന ഉത്്പാദനവും ഗ്രാമീണ വരുമാനം വർധിപ്പിച്ചു.
കാർഷിക മേഖലയാണ് കഴിഞ്ഞ പാദത്തിൽ ജൂലൈ-സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് ഏറ്റവുമധികം വളർച്ച കുറിച്ചത്. വാർഷികാടിസ്ഥാനത്തിലും കാർഷിക മേഖലയാണ് കഴിഞ്ഞ പാദത്തിൽ വളർച്ച നേടിയത്. 1.5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നു. മാനുഫാക്ചറിംഗ്് മേഖലയുടെ വളർച്ച 14 ശതമാനത്തിൽനിന്ന് ഇടിഞ്ഞ് 3.5 ശതമാനത്തിലെത്തി. ഖനനമേഖലയുടെ വളർച്ച നിരക്ക് 4.7ൽ നിന്ന് 1.4 ശതമാനത്തിലേക്കും നിർമാണമേഖലയുടേത് 10ൽനിന്ന് ഏഴു ശതമാനത്തിലേക്കും തളർന്നു.
വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ചാനിരക്ക് 10.1 ശതമാനത്തിൽനിന്ന് 5.1 ശതമാനത്തിലേക്ക് താഴ്ന്നു. വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ വളർച്ചനിരക്ക് എട്ടിൽനിന്ന് താഴ്ന്നത് 6.7 ശതമാനത്തിലേക്ക്.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നീ വിഭാഗങ്ങളുള്ള മേഖലയുടെ വളർച്ചാനിരക്ക് 8.4ൽനിന്ന് 7.2 ശതമാനത്തിലേക്കും താഴ്ന്നു. അതേസമയം പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവയുള്ള വിഭാഗത്തിന്റെ വളർച്ചാനിരക്ക് 8.4ൽ നിന്ന് ഉയർന്ന് 8.8 ശതമാനമായി.