ഓഹരി വിപണികൾ സമ്മർദത്തിലേക്ക്
ഓഹരി അവലോകനം / സോണിയ ഭാനു
Monday, February 24, 2025 12:36 AM IST
ഓഹരി ഇൻഡക്സുകൾ കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങുന്നു. യുഎസ് മാർക്കറ്റുകൾക്ക് വാരാന്ത്യ ദിനങ്ങളിൽ നേരിട്ട തിരിച്ചടി യൂറോ-ഏഷ്യൻ വിപണികൾ ആശങ്കയോടെ വീക്ഷിക്കുന്നു.
ഡൗ സൂചിക രണ്ട് ദിവസത്തിൽ 1200 പോയിന്റ് ഇടിഞ്ഞത് ഫണ്ടുകളെ കൂടുതൽ വില്പനകൾക്ക് പ്രേരിപ്പിക്കാം. ഏഷ്യയിലേക്കു തിരിഞ്ഞാൽ ജപ്പാനിലെ സ്ഥിതിഗതികൾ നിക്കി സൂചികയിൽ പിരിമുറക്കം ഉളവാക്കുന്നു. ജനുവരിയിൽ ജപ്പാന്റെ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലേക്ക് കയറി, 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. അതേസമയം, ഡോളറിനു മുന്നിൽ യെന്നിന്റെ വിനിമയ മൂല്യം കൂടുതൽ കരുത്തു കാണിച്ച് വാരാന്ത്യം 149ലേക്ക് ശക്തിപ്രാപിച്ചു.
ഇന്ത്യൻ മാർക്കറ്റിന് മുൻ വാരം സൂചിപ്പിച്ച ദുർബലാവസ്ഥയിൽനിന്നും രക്ഷനേടാനായില്ലെന്നു മാത്രമല്ല, താഴ്ന്ന തലങ്ങളിലേക്ക് സൂചികൾ ഇടിയാൻ സാധ്യത തെളിഞ്ഞു. വിദേശ ഫണ്ടുകൾ വില്പനയ്ക്ക് കാണിക്കുന്ന ഉത്സാഹം വിപണിയെ കൂടുതൽ പിരിമുറുക്കത്തിലാക്കും. സെൻസെക്സ് 628 പോയിന്റും നിഫ്റ്റി 118 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. അതേസമയം, താത്കാലികമായി ഫോറെക്സ് മാർക്കറ്റിൽ രൂപ സ്ഥിരത കൈവരിക്കാനുള്ള ശ്രമം ആശ്വാസകരം.
നിഫ്റ്റി സൂചിക 22,929 പോയിന്റിൽനിന്നും ആദ്യ ചുവടിൽ 23,037ലേക്ക് മുന്നേറിയെങ്കിലും കൂടുതൽ കരുത്ത് പ്രദർശിപ്പിക്കാൻ അവസരം നൽകാത്തവിധം ഫണ്ടുകൾ വില്പനയ്ക്ക് മത്സരിച്ചതിനാൽ 22,720ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 22,795 പോയിന്റിലാണ്. ഈ വാരം ആദ്യ സപ്പോർട്ടായ 22,664ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സൂചിക 22,533ലേക്കും തുടർന്ന് 22,216ലേക്കും സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. ഈ തകർച്ച പ്രദേശിക നിക്ഷേപകരെ രംഗത്തുനിന്നും പിന്നാക്കം വലിച്ചാൽ വിപണി വരും മാസങ്ങളിൽ കൂടുതൽ ദുർബലവസ്ഥയിലാകും.
തൊട്ടു മുൻവാരത്തിൽതന്നെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലോംഗ് പൊസിഷനുകൾ കുറച്ച് ഷോർട്ട് സെല്ലിംഗിലേക്കു ചുവടുമാറ്റിയ കാര്യം കഴിഞ്ഞ ലക്കം വ്യക്തമാക്കിയതാണ്. താഴ്ന്ന റേഞ്ചിൽനിന്നും ഈ വാരം തിരിച്ചുവരവിന് ശ്രമിച്ചാൽ 22,981ലും 23,167ലും പ്രതിരോധം നേരിടാം.
മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡും, പാരാബോളിക്ക് എസ്എആറും സെല്ലിംഗ് മൂഡിൽ തുടരുന്നു, എംഎസിഡി കൂടുതൽ ദുർബലാവസ്ഥയിലേക്കു നീങ്ങുന്നു. എലിയട്ട് വേവ് ഓസിലേറ്ററും തളർച്ചയിലേക്കു മുഖം കുനിച്ചു. കനത്ത വില്പനകൾ മൂലം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ ഓവർ സോൾഡാണ്.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് സെറ്റിൽമെന്റിന് ഒതുങ്ങുകയാണ്, നാല് പ്രവൃത്തിദിനങ്ങൾ മാത്രമാണ് മുന്നിലുള്ളത്. മുൻവാരം സൂചിപ്പിച്ചതാണ് വിപണി ബെയറിഷാണെന്ന്. തളർച്ചയ്ക്ക് ഇടയിൽ ഓപ്പൺ ഇന്ററസ്റ്റ് വീണ്ടും വർധിച്ചത് വില്പനക്കാരുടെ കടന്നുവരവായി വിലയിരുത്താം. 22,972ൽനിന്നും വാരാന്ത്യം 22,758ലേക്ക് ഇടിഞ്ഞു. പുതിയ ഷോർട്ട് ബിൽഡ് അപ്പിൽ നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 194 ലക്ഷം കരാറുകളിൽനിന്നും ഏകദേശം ഒന്പത് ശതമാനം വർധിച്ച് 204 ലക്ഷമായി. ഫ്യൂച്ചേഴ്സ് സെല്ലിംഗ് മൂഡിലായതിനാൽ 22,400 റേഞ്ചിനെ ഉറ്റുനോക്കാം.
സെൻസെക്സ് മുൻവാരത്തിലെ 75,858 പോയിന്റിൽനിന്നും ഒരവസരത്തിൽ 76,289ലേക്ക് മുന്നേറിയതിനിടയിൽ വിദേശ ഫണ്ടുകളിൽനിന്നും അനുഭവപ്പെട്ട ശക്തമായ വില്പന സമ്മർദത്തിൽ സൂചിക 75,112ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ സെൻസെക്സ് 75,311 പോയിന്റിലാണ്. ഈ വാരം വില്പനയുടെ ആക്കം വർധിച്ചാൽ 74,852-74,393ലെ സപ്പോർട്ടിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കാം, ഈ താങ്ങ് നഷ്ടമായാൽ മാർച്ചിൽ സെൻസെക്സ് 73,200 റേഞ്ചിലേക്ക് പരീക്ഷണം തുടരും. ഇതിനിടയിൽ ഈവാരം തിരിച്ചുവരവ് നടത്തിയാൽ 76,029-76,747 മേഖലയിൽ ശക്തമായ പ്രതിരോധം തലയുയർത്താം.
വിനിമയ വിപണിയിൽ രൂപ 86.83ൽനിന്നും ഒരുഘട്ടത്തിൽ 87.15ലേക്ക് ദുർബലമായ ശേഷം കരുത്ത് നേടി വാരാവസാനം മൂല്യം 86.71ലാണ്. നിലവിൽ യുഎസ് ഡോളറിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മൂല്യം 86.36-86.08 റേഞ്ചിലേക്ക് കരുത്ത് തിരിച്ചുപിടിക്കാം. അത്തരം ഒരു നീക്കം വിലയിരുത്തിയാൽ 88ലേക്ക് ദുർബലമാകാനുള്ള സാധ്യതകളെ തടയാൻ രൂപയ്ക്കാവും.
വിദേശ ധനകാര്യസ്ഥാപനങ്ങൾ ഒരു ദിവസം 4786.85 കോടി രൂപയുടെ വാങ്ങൽ നടത്തി. മറ്റ് ദിവസങ്ങളിൽ അവർ 12,578 കോടി രൂപയുടെ ഓഹരികൾ വില്പനയും. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ മൊത്തം 16,578 കോടി രൂപയുടെ ഓഹരികൾ വാങ്ങി, തൊട്ട് മുൻവാരത്തിലെ അവരുടെ നിക്ഷേപം 17,742 കോടി രൂപയായിരുന്നു. വാങ്ങൽ തോത് കുറയുന്നത് കണക്കിലെടുത്താൽ ഈ വാരം വില്പനയ്ക്ക് ആഭ്യന്തര ഫണ്ടുകളും നീക്കം നടത്താം.