വാർധക്യത്തിൽ താങ്ങാകാൻ പുത്തൂരിൽ സെന്റർ ഫോർ സീനിയർ ലിവിംഗ്
Tuesday, February 25, 2025 12:14 AM IST
തൃശൂർ: പ്രായമായവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സെന്റർ ഫോർ സീനിയർ ലിവിംഗുമായി ജോയ് ആലുക്കാസ്. തൃശൂർ പുത്തൂരിൽ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടൽ ചടങ്ങ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും ചേർന്നു നിർവഹിച്ചു.
പുത്തൂർ പള്ളി വികാരി ഫാ. ജോജു പനയ്ക്കൽ ചടങ്ങിനു കാർമികത്വം വഹിച്ചു. പ്രായമായവർക്കു കരുതലേകാൻ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉൾപ്പെടെ മികച്ച ഡയാലിസിസ് യൂണിറ്റും 82 മുറികളിലായി 225 കിടക്കകളും സെന്ററിൽ സജ്ജമാക്കും. സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കു സൗജന്യ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
സെന്റർ ഫോർ സീനിയർ ലിവിംഗിലൂടെ ആധുനിക ചികിത്സാരീതികളാണ് ലഭ്യമാക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
30 കോടിയോളം ചെലവിട്ടു നിർമിക്കുന്ന ഭവനം ഈ വർഷം അവസാനം പൂർത്തിയാക്കും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലായി പത്തോളം സെന്ററുകൾ ആരംഭിക്കും. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സാമൂഹികപ്രതിബദ്ധത അടിവരയിടുന്നതാണു സെന്റർ ഫോർ സീനിയർ ലിവിംഗ് എന്ന് ജോളി ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു, സിഒഒ ഹെൻറി ജോർജ് എന്നിവർ പങ്കെടുത്തു.