ഇന്ത്യൻ സാങ്കേതിക മേഖലയുടെ വരുമാനത്തിൽ വർധന: നാസ്കോം സർവേ
Tuesday, February 25, 2025 12:14 AM IST
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാങ്കേതിക മേഖല 5.1 ശതമാനം വളർച്ച കൈവരിക്കുമെന്നും 282.6 ബില്യണ്‍ ഡോളർ വരുമാനം നേടുമെന്നും നാസ്കോമിന്റെ സർവേ.
2026 സാന്പത്തിക വർഷത്തോടെ ഇന്ത്യയുടെ സാങ്കേതിക വ്യവസായം 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മറികടക്കുമെന്നും നാസ്കോം പ്രതീക്ഷിക്കുന്നു. 2023-24 സാന്പത്തികവർഷത്തിൽ നാല് ശതമാനം വരുമാന വളർച്ചയാണ് നേടിയത്.
ഇന്ത്യൻ എൻജിനിയറിംഗ് ഗവേഷണവും വികസനവും ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജിസിസി) എണ്ണം വർധിക്കുന്നതും ഇന്ത്യയുടെ സാങ്കേതിക മേഖലയുടെ വളർച്ച വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ സ്ഥാപനമായ നാസ്കോമിന്റെ പഠനം സൂചിപ്പിക്കുന്നു.
ഈ സാന്പത്തിക വർഷത്തിൽ ഐടി സേവനം, ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, ജിസിസി, ഇ കൊമേഴ്സ് കന്പനികൾ ഉൾപ്പെടുന്ന മേഖല 1.26 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.