ഇന്ത്യയിൽ നിയമനം ആരംഭിച്ച് ടെസ്ല
Tuesday, February 18, 2025 11:39 PM IST
ന്യൂയോർക്ക്: യുഎസിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യ പ്രവേശന പദ്ധതി യാഥാർഥ്യമാകുന്നു.
ഇത്തവണ ടെസ്ല ഇൻക് ഇന്ത്യയിൽ നിയമനം ആരംഭിച്ചതാണ് വാർത്ത. കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 13 തസ്തികകളിലേക്കാണ് ടെസ്ല ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്. കന്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ആണ് നിയമനം സംബന്ധിച്ച പോസ്റ്റ് വന്നിരിക്കുന്നത്. മുംബൈയിലും ഡൽഹിയിലുമാണ് നിയമനം വന്നിരിക്കുന്നത്.
സർവീസ് അഡ്വൈസർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ, ഓർഡർ ഓപ്പറേഷൻസ് സ്പെഷലിസ്റ്റ്, സർവീസ് മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, സ്റ്റോർ മാനേജർ, സർവീസ് അഡ്വൈസർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷലിസ്റ്റ്, ടെസ്ല അഡ്വൈസർ, പാർട്ട്സ് അഡ്വൈസർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
സർവീസ് ടെക്നീഷ്യൻ, വിവിധ അഡ്വൈസറി റോളുകൾ എന്നിവയുൾപ്പെടെയുള്ള, കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും നിയമനം വരുന്നത് മുംബൈയിലും ഡൽഹിയിലുമാണ്. അതേസമയം കസ്റ്റമർ എൻഗേജ്മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലെ നിയമനം മുംബൈയിലേക്ക് മാത്രമാണ്.
വർഷങ്ങളായിഇന്ത്യയിൽ നിയമനം ആരംഭിച്ച് ടെസ്ലയും ഇന്ത്യയും ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചനയിലായിരുന്നു. ടെസ്ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ വിദേശ നിർമിത കാറുകൾക്ക് ഉയർന്ന ഇറക്കുമതി തീരുവ കാരണം ടെസ്ല ഈ നീക്കത്തിൽനിന്നു പിൻവാങ്ങി. ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവയുള്ള രാജ്യങ്ങളിൽ (110 ശതമാനം) ഒന്നായിരുന്നു ഇന്ത്യ.
പിന്നീട് ലോകത്തെ മികച്ച ഇവി നിർമാതാക്കളെ ആകർഷിക്കാനായി 40,000 ഡോളറിന് മുകളിൽ വിലയുള്ള ഹൈ-എൻഡ് കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി ഇന്ത്യ കുറച്ചു.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഉയർന്ന തീരുവ ഒരു പ്രധാന തടസമാണെന്ന് ടെസ് ല സിഇഒ ഇലോണ്‍ മസ്ക് മുന്‍പ് പറഞ്ഞിരുന്നു.
ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ ഇവി വിപണി ഇപ്പോഴും വളർച്ചയിലെത്തിയിട്ടില്ല. ചൈനയുടെ 1.1 കോടിയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയുടെ ഇലക്ട്രിക് കാർ വിൽപ്പന കഴിഞ്ഞ വർഷം 100,000 യൂണിറ്റിനടുത്താണ്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.