ടെസ്ല ഇന്ത്യൻ വിപണിയിലേക്ക്
Thursday, February 20, 2025 2:20 AM IST
ന്യൂഡൽഹി: യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ. കന്പനിയുടെ ബർലിൻ പ്ലാന്റിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കന്പനി ആലോചിക്കുന്നത്.
ഏകദേശം 25,000 യുഎസ് ഡോളർ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള വിലകുറഞ്ഞ ഇവി മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കന്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ സെയിൽസ് ഓപ്പറേഷൻ ആരംഭിക്കാനാണ് കന്പനി നോക്കുന്നത്.
മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്റ്റിലും ന്യൂഡൽഹിയിലെ എയ്റോസിറ്റിയിലും ഷോറൂം കണ്ടെത്തിയെന്നാണ് വിവരം. നേരത്തേ, ന്യൂഡൽഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകൾക്കായി കന്പനി സ്ഥലങ്ങൾ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ന്യൂഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്ല സ്ഥലം കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുക്കാനാണ് ആലോചന. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിന്റെ ബിസിനസ്, റീട്ടെയിൽ ഹബ്ബിലാണ് ടെസ്ല ഷോറൂമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം ടെസ് ല ഇന്ത്യയിലെ 13 തസ്തികകളിലേക്ക് ജീവനക്കാരെ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയിരുന്നു.
ടെസ്ല ഇതുവരെ തങ്ങളുടെ ഇവികൾ ഇന്ത്യയിൽ നിർമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ മഹാരാഷ്ട്രയിൽ നിർമാണ പ്ലാന്റ് ആരംഭിക്കാനും ടാറ്റ മോട്ടോഴ്സുമായി സഹകരിക്കാനും നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
കന്പനിക്ക് ഓഫീസും നിരവധി വിതരണക്കാരുമുള്ള പൂനയിൽ നിലവിലുള്ള സാന്നിധ്യമാണ് മഹാരാഷ്ട്രയെ തെരഞ്ഞെടുക്കാൻ കന്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്്.
രാജ്യത്തെ വാഹന നിർമാണ ഹബ്ബുകളായ ചക്കൻ, ചിഖാലി തുടങ്ങിയ സ്ഥലങ്ങളാണ് കന്പനി പരിഗണിക്കുന്നത്. മെഴ്സിഡസ് ബെൻസ്, ടാറ്റ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോക്സ്വാഗണ്, ബജാജ് തുടങ്ങിയ പ്രമുഖ കന്പനികളുടെയെല്ലാം വാഹനങ്ങൾ നിർമിക്കുന്നത് ഇവിടെയാണ്. തുറമുഖവുമായി അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെയാണ് കന്പനി പരിഗണിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.