ഗൂഗിളിന്റെ ‘അനന്ത’ കാന്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു
Thursday, February 20, 2025 2:20 AM IST
ബംഗളൂരു: ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ പുതിയ കാമ്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. മഹാദേവപുരയിലെ ‘അനന്ത’ എന്ന ഈ കാന്പസ് ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസും ലോകത്തിലെ വലിയ കാന്പസുകളിലൊന്നുമാണ്.
16 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കാമ്പസിന് 5,000ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആൻഡ്രോയ്ഡ്, സെർച്ച്, ഗൂഗിൾ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഗൂഗിൾ ഡീപ് മൈൻഡ് തുടങ്ങി ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളുടെ ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
അനന്ത കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോ-ക്രോമിക് ഗ്ലാസ് ഇന്‍സ്റ്റലേഷനുകളില്‍ ഒന്നാണ്. കൂടാതെ, നൂറു ശതമാനം മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനവും മഴവെള്ളം ശേഖരിക്കല്‍ പോലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ ബംഗളൂരുവിലെ നാലാമത്തെ കാന്പസാണിത്. ബംഗളൂരുവിനു പുറമെ ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഇന്ത്യയിൽ ഗൂഗിളിന് ഓഫീസുകളുണ്ട്.