കെഎഫ്സി കെന്റക്കി വിടുന്നു
Thursday, February 20, 2025 11:06 PM IST
പ്ലാനോ (ടെക്സസ്): ഫാസ്റ്റ് ഫുഡ് ഭീമനായ കെഫ്സി (കെന്റക്കി ഫ്രൈഡ് ചിക്കൻ) അതിന്റെ കോർപറേറ്റ് ആസ്ഥാനം കെന്റക്കിയിലെ ലൂയിസ്വില്ലിൽനിന്ന് ടെക്സസിലെ പ്ലാനോയിലേക്ക് മാറ്റുകയാണെന്ന് റിപ്പോർട്ട്. മാതൃ കന്പനിയായ ‘യം! ബ്രാൻഡ്’ നീക്കം പ്രഖ്യാപിച്ചു.
ഏകദേശം 100 കോർപറേറ്റ് ജീവനക്കാർക്ക് അടുത്ത ആറുമാസത്തിനുള്ളിൽ സ്ഥലം മാറ്റമുണ്ടാകും.
യുഎസിൽ രണ്ടു മുഖ്യആസ്ഥാനങ്ങൾ സ്ഥാപിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്ന കെഎഫ്സി, ടാക്കോ ബെൽ, പിസ ഹട്ട് എന്നിവയുടെ മാതൃകന്പനിയായ യം ബ്രാൻഡ് വ്യക്തമാക്കി. കെഎഫ്സിയും പിസ ഹട്ടും പ്ലാനോയിൽനിന്നും ടാകോ ബെൽ, ഹാബിറ്റ് ബർഗർ & ഗ്രിൽ എന്നിവ കലിഫോർണിയയിലെ ഇർവിനിൽനിന്നുമാകും പ്രവർത്തികുക.
വ്യവസായസൗഹൃദ ടെക്സസ്
കോർപറേറ്റ്, വ്യക്തിഗത ആദായനികുതികൾ ഇല്ലാത്തതിനാൽ ടെക്സസ് കോർപറേറ്റുകളെ ആകർഷിക്കുന്നു.
ടെസ്ല, ഒറാക്കിൾ, ഷെവ്റോണ്‍ തുടങ്ങിയ കന്പനികൾ ഇങ്ങനെ സ്ഥലംമാറി ടെക്സസിലെത്തിവയാണ്. എന്നാൽ കെന്റക്കിയിൽ 5 ശതമാനം കോർപറേറ്റ് നികുതി ചുമത്തുന്നു, ഇത് യമ്മിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.
കെഎഫ്സിയുടെ കെന്റക്കി വിടാനുള്ള തീരുമാനത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ അതൃപ്തി അറിയിച്ചു. കെഫ്സിക്ക് സംസ്ഥാനവുമായുള്ള ബന്ധത്തെ പരാമർശിച്ച് ഈ നീക്കം കന്പനിയുടെ സ്ഥാപകന്‍ അതൃപ്തിയാകുമെന്ന് ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. ലൂയിസ്വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗും മാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചു.