മ്യൂൾ അക്കൗണ്ടുകൾ കൂടുതലും നഗരങ്ങളിൽ
എസ്.ആർ. സുധീർ കുമാർ
Thursday, February 20, 2025 2:20 AM IST
കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ, ഫിനാൻഷൽ ഇന്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്.
വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും ശാഖകളിൽ ഇത്തരത്തിൽ നിരവധി മ്യൂൾ അക്കൗണ്ടുകൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നതായും ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരമായി വഞ്ചനാപരമായ ഇടപാടുകൾ നടന്നുവരുന്ന അക്കൗണ്ടുകൾ ഉള്ള ബാങ്ക് ശാഖകൾ, എടിഎമ്മുകൾ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഹോട്ട് സ്പോട്ടുകളായി ഉൾപ്പെടുത്തിയുള്ള വിശദമായ പട്ടിക കേന്ദ്ര ഏജൻസികൾ തുടർ നടപടികൾക്കായി റിസർവ് ബാങ്കിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചില കർശന നടപടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു. വിവിധ ശാഖകളിലെ മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ അടിയന്തരമായി സ്പെഷൽ ഡ്രൈവുകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇങ്ങനെ തിരിച്ചറിയുന്ന അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കണം.
മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്ന ശാഖകളിലെ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ബാങ്കുകൾ ആഭ്യന്തര അന്വേഷണം നടത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയവും
മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക-സൈബർ ഏജൻസികൾ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമായതായാണ് സൂചനകൾ. വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വഴി പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളും സംഘടനകളുമടക്കം ഇതിനു പിന്നിൽ പ്രവർത്തിച്ചതായും ബോധ്യപ്പെട്ടിട്ടുണ്ട്. ഗൗരവമേറിയ വിഷയം ആയതിനാൽ പരിശോധനയിൽ കണ്ടെത്തിയ പൂർണവിവരങ്ങൾ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി.
വൻ തുകയുടെ ഇടപാടുകൾ ചെറിയ ഇടവേളകളിൽ കൃത്യമായി നടന്ന ചില അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
സംശയാസ്പദമായ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകൾ സംബന്ധിച്ച് ശാഖയിലെ ചുമതലയുള്ളവർ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ വിവരം അറിയിക്കേണ്ടതുണ്ട്. പല ശാഖകളിലും ഇത് പാലിക്കപ്പെട്ടിട്ടില്ലന്ന് പരിശോധന നടത്തിയ ഏജൻസികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പരിശോധനയിൽ ലഭ്യമായ പല വിവരങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളതാണ്.
അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ പരിശോധന നടത്തിയ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായും റിസർവ് ബാങ്ക് അധികൃതരുമായും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടവർ കൂടിക്കാഴ്ചയും നടത്തിക്കഴിഞ്ഞു.