ലോകവിപണിയിൽ കുരുമുളക് കിട്ടാക്കനി
Monday, February 17, 2025 12:18 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
ആഗോള കുരുമുളക് ക്ഷാമം ഈസ്റ്റർ ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന യൂറോപ്പിലെ സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാരെ ആശങ്കയിലാക്കി. യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം ഏഷ്യൻ റബറിൽ വൻ സ്വാധീനം ചെലുത്തുന്നു, ടാപ്പിംഗ് സീസൺ അവസാനഘട്ടത്തിൽ ഷീറ്റ് വില വർധിക്കുമെന്ന പ്രതീക്ഷയിൽ കയറ്റുമതി രാജ്യങ്ങൾ. പാം ഓയിൽ ഇറക്കുമതി ചുരുങ്ങിയ അവസരത്തിൽ നാളികേരോത്പന്നങ്ങൾ സാങ്കേതിക തിരുത്തലിന് ഒരുങ്ങുന്നു. റിക്കാർഡ് പ്രകടനങ്ങൾക്ക് ശേഷം സ്വർണ വിപണി പഴയ താളം കണ്ടെത്താനുള്ള നീക്കത്തിൽ.
വിയറ്റ്നാമിലെ പത്തായങ്ങളെല്ലാം ഏതാണ്ട് ശൂന്യമായി. കുരുമുളക് ഉത്പാദനത്തിൽ മുൻപന്തിയിലുള്ള അവരുടെ കഴിഞ്ഞ സീസണിലെ മാത്രമല്ല, തൊട്ട് മുൻ വർഷങ്ങളിലെ നീക്കിയിരിപ്പുപോലും ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും ആറ് മാസങ്ങളിലെ ഉയർന്ന വില കണ്ട് വിറ്റുമാറി. 2024ൽ വിയറ്റ്നാം മൊത്തം 2,50,600 ടൺ കുരുമുളക് ഷിപ്പ്മെന്റ് നടത്തി. അതിൽ 2,20,269 ടൺ കറുത്ത മുളകും 30,331 ടൺ വെള്ള കുരുമുളകും.
ഈ വർഷം കുരുമുളക് ഉത്പാദനത്തിൽ കുറവ് സംഭവിക്കുമെന്നാണ് വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷന്റെ വിലയിരുത്തൽ. നടപ്പുവർഷം ആഗോള കുരുമുളക് ഉത്പാദനത്തിൽ സംഭവിച്ച കുറവ് തുടരുമെന്നും അവർ പ്രവചിക്കുന്നു. വാരമധ്യം ഒരു കിലോ കുരുമുളകിന് 1,66,000 വിയറ്റ്നാം ഡോങ് കയറ്റുമതിക്കാർ വാഗ്ദാനം ചെയ്തിട്ടും കാർഷിക മേഖലകളിൽ വില്പനക്കാരില്ലായിരുന്നു.
കറുത്ത പൊന്ന് കുതിക്കും
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്റർവരെയുള്ള ആവശ്യങ്ങൾക്കുള്ള മുളക് സംഭരണത്തിരക്കിലാണ്. എന്നാൽ, ലോക വിപണിയിലെ നിലവിലെ അവസ്ഥ കണക്കിലെടുത്താൽ ഉത്പന്ന വില കത്തിക്കയറുമെന്ന ഭീതിയിലാണ് ഇറക്കുമതിക്കാർ. ആഗോള കുരുമുളക് ക്ഷാമത്തെക്കുറിച്ച് വിലയിരുത്തൽ നടത്തിയ മലേഷ്യ അവരുടെ വില ടണ്ണിന് 9000 ഡോളറായി ഉയർത്തി. ആറ് വർഷത്തിനിടയിൽ ലോക വിപണിയിൽ കറുത്ത പൊന്നു വില ഇത്രമാത്രം ഉയരുന്നത് ആദ്യം.
വിദേശത്തേക്ക് എത്തിനോക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് താത്പര്യമില്ല. നാടൻ മുളകിനുള്ള ക്ഷാമം കണക്കിലടുത്താൽ പതിനാറ് ടണ്ണിന്റെ ഒരു കണ്ടെയ്നർ ശേഖരിക്കാൻ ഇറങ്ങിയാൽ പോലും നിരക്ക് പിടിച്ചാൽ കിട്ടാത്തവിധം കയറുമെന്ന് അവർക്കറിയാം. ആ ഒരു സാഹചര്യത്തിൽ എന്ത് ധൈര്യത്തിൽ 100 ടണ്ണിനുള്ള വിദേശ ഓർഡർ കൈപ്പിടിയിൽ ഒതുക്കും. ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും, ശ്രീലങ്കയും അന്താരാഷ്ട്ര മാർക്കറ്റിലുണ്ടെങ്കിലും അവരും കരുതലോടെയാണ് ഓരോ ചുവടുംവയ്ക്കുന്നത്. ഇന്തോനേഷ്യയിൽ വിളവെടുപ്പിനു ജൂലൈ വരെ കാത്തിരിക്കണം. ബ്രസീൽ സീസൺ സെപ്റ്റംബറിലാണ്. വിയറ്റ്നാമിലെ സ്ഥിതി ഇതിനകംതന്നെ പരിങ്ങലിലെന്ന് വ്യക്തമായത് ഇറക്കുമതി രാജ്യങ്ങളെ ആശങ്കയിലാക്കി.
റബർ വിലയും കൂടിയേക്കും

യെന്നിന്റെ വിനിമയ മൂല്യത്തിലെ ചെറു ചലനങ്ങൾ പോലും ഏഷ്യൻ റബർ മാർക്കറ്റിനെ പ്രകമ്പനം കൊള്ളിച്ചു. ഡോളറിനു മുന്നിൽ 150ലേക്ക് മുൻവാരം കരുത്ത് കാണിച്ച യെൻ പെടുന്നനെ 154.80ലേക്ക് ദുർബലമായത് ഒസാക്ക എക്സ്ചേഞ്ചിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ ഷോർട്ട് കവറിംഗിന് പ്രേരിപ്പിച്ചു. എന്നാൽ, വാരാവസാനം യെൻ 152ലേക്ക് മെച്ചപ്പെട്ടു. യെന്നിലെ മാറ്റങ്ങൾക്കിടയിൽ റബർ അവധിവില ചാഞ്ചാടിയെങ്കിലും തിരക്കിട്ടുള്ള ചരക്കു സംഭരണത്തിനു ടയർ കമ്പനികൾ തയാറായില്ല.
തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങൾ ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ റബർ ഉത്പാദനം മുന്നിലുള്ള മാസങ്ങളിൽ കുറയുന്നത് വിലക്കയറ്റത്തിന് അവസരമൊരുക്കാം. ബാങ്കോക്കിൽ വാരാന്ത്യം ഷീറ്റ് കിലോ 207 രൂപയിലാണ്. വിദേശത്തെ ഉയർച്ച ഇന്ത്യൻ ടയർ നിർമാതാക്കൾ കണ്ടതായി ഭാവിച്ചില്ല. സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ ടാപ്പിംഗിൽനിന്നും വലിയ പങ്ക് ഉത്പാദകരും പിൻവലിയുന്നതിനാൽ നാലാം ഗ്രേഡ് 200ന് മുകളിലേക്കു സഞ്ചരിക്കാൻ ഇടയുണ്ടെന്ന് വ്യവസായികൾക്ക് വ്യക്തമായി അറിയാം. വാരാന്ത്യം നാലാം ഗ്രേഡ് കിലോ 190 രൂപയിലാണ്.
മികവ് നിലനിർത്താൻ നാളികേരം

നാളികേരോത്പന്ന വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിലാണ്. ഏകദേശം മൂന്നാഴ്ച്ചകളിൽ സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ ശേഷം ഉത്പന്ന വിലയിൽ ചെറിയ കൊളിളക്കങ്ങൾ കണ്ടുതുടങ്ങി. ഉയർന്ന വിലയ്ക്ക് കൊപ്ര-പച്ചത്തേങ്ങ സംഭരണം തമിഴ്നാട്ടിലെ വൻ മില്ലുകാർ കുറച്ചു. കേരളത്തിൽ നാളികേര വിളവെടുപ്പ് ഊർജിതമായാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ഗ്രാമീണ മേഖലകളിൽ ചരക്ക് ലഭ്യത ഉയരും. കൊച്ചി വില കുറഞ്ഞാൽ ദക്ഷിണേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ ചരക്ക് വില്പന തുടങ്ങുമെന്ന നിഗനമത്തിലാണ് കാങ്കയത്തെ മില്ലുകാർ. ആറ് മാസമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാളികേരോത്പന്നങ്ങളിൽ കാര്യമായ ഇടിവ് സംഭവിക്കില്ലെന്നാണ് ഒരു വിഭാഗം ഉത്പാദകരുടെ വിലയിരുത്തൽ. കൊച്ചിയിൽ വെളിച്ചെണ്ണ 22,300 രൂപയിലും കൊപ്ര 14,000 രൂപയിലുമാണ്.
സ്വർണത്തിന് ബ്രേക്ക്
ആഭരണ കേന്ദ്രങ്ങളിൽ പവൻ റിക്കാർഡ് പ്രകടനം കാഴ്ചവച്ച ശേഷം തളർച്ചയിൽ. വാരാരംഭത്തിൽ 63,560 രൂപയിൽ നീങ്ങിയ പവൻ പിന്നീട് എക്കാലത്തെയും ഉയർന്ന നിരക്കായ 64,480 രൂപ വരെ സഞ്ചരിച്ചെങ്കിലും ശനിയാഴ്ച്ച നിരക്ക് ഇടിഞ്ഞ് 63,120 രൂപയായി.