പുതിയ ആദായ നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Sunday, February 9, 2025 3:22 AM IST
ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. ബിൽ പാർലമെന്റിൽ ഈ ആഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നികുതി സന്പ്രദായം പരിഷ്കരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ബിൽ.
ഡയറക്ട് ടാക്സ് കോഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമ നിർമാണം, നിലവിലുള്ള നികുതിഘടനയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 1961ലെ ആദായ നികുതി നിയമമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇതിനിടെ നികുതി സംവിധാനം ഡിജിറ്റലാക്കിയിരുന്നു. കൂടാതെ ഇടയ്ക്കിടെ നികുതി പരിധിയിൽ മാറ്റം വരുത്തിയതുമാണ് ഇക്കാലത്തിനിടെ നിയമത്തിലുണ്ടായ പ്രധാന പരിഷ്കാരങ്ങൾ.
പഴയതും പുതിയതുമായ വ്യവസ്ഥകൾ കൂടിച്ചേർന്ന സംവിധാനം നികുതി നിയമങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ മാത്രമെന്നാണ് ഉള്ളൂ എന്നാണ് വിവരം.