ദീപിക-എസ്ബി കോളജ് കേന്ദ്ര ബജറ്റ് വിശകലന പ്രഭാഷണം 11ന്
Sunday, February 9, 2025 3:22 AM IST
ചങ്ങനാശേരി: സെന്റ് ബെർക്മാൻസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം ദീപികയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ജോർജ് ജോസഫ് അനുസ്മരണ ബജറ്റ് പ്രഭാഷണം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ പ്രഫസറും കൗൺസിൽ ഫോർ സോഷ്യൽ ഡെവലപ്മെന്റിലെ പ്രഫസറുമായ ഡോ. ബിശ്വജിത് ധർ 11ന് നിർവഹിക്കും.
ലോക വ്യാപാര സംഘടന, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ചട്ടക്കൂട് കൺവൻഷൻ, ലോക ബൗദ്ധിക സ്വത്തവകാശ സംഘടന, ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷൻ എന്നിവയുൾപ്പെടെയുള്ള ബഹുമുഖ ഉടമ്പടി ചർച്ചകളിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിട്ടുണ്ട് പ്രഫ. ധർ. കയറ്റുമതി-ഇറക്കുമതി ബാങ്ക് ഓഫ് ഇന്ത്യ (EXIM) ബോർഡ് അംഗം, ഐഎൽഒ, ലോകാരോഗ്യ സംഘടന തുടങ്ങിയയിൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ട്രേഡ് ഓർഗനൈസേഷനുമായുള്ള ഇന്ത്യയുടെ ചർച്ചകളെ സഹായിക്കുന്നതിനായി ഡബ്ല്യുടിഒ പഠനകേന്ദ്രം സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഡോ. ധർ അതിന്റെ തലവനായും സേവനം ചെയ്തിട്ടുണ്ട്.
11ന് രാവിലെ 9.30ന് കാവുകാട്ട് ഹാളിൽ നടക്കുന്ന ബജറ്റ് പ്രഭാഷണത്തിന് കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ, വകുപ്പധ്യക്ഷൻ ഡോ. ഷിനു വർക്കി, ഡോ. ജെറിൽ ടോം, ഡോ. ഗീവർഗീസ് എം. തോമസ് എന്നിവർ നേതൃത്വം നൽകും. വിദ്യാർഥികൾക്കായി നടത്തിയ ബജറ്റ് വിശകലന മത്സരത്തിൽ സമ്മാനാർഹരായവർക്ക് പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും.