കഴിഞ്ഞവർഷം വല്ലാർപാടത്ത് എത്തിയത് 657 ചരക്കുകപ്പലുകൾ
Saturday, January 18, 2025 1:02 AM IST
കൊച്ചി: കൊച്ചിയിലെ വല്ലാർപാടം ഡിപി വേൾഡ് ഇന്റർനാഷണൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ചരക്കുനീക്കത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വളർച്ച കൈവരിച്ചു. 2024ൽ 657 ചരക്കു കപ്പലുകളാണ് ടെർമിനലിലെത്തിയത്. ഇതു ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കിംഗാണ്.
കഴിഞ്ഞ വർഷം 840,564 ടിഇയു കൈകാര്യം ചെയ്ത് വല്ലാർപാടം ടെർമിനൽ എക്കാലത്തെയും ഉയർന്ന നേട്ടത്തിലെത്തി. എംഎസ്സി അറോറയുടെ 6,157 ടിഇയു ചരക്ക് കൈകാര്യം ചെയ്തതിലൂടെ ഏറ്റവും വലിയ സിംഗിൾ വെസൽ കൈമാറ്റവും സാധ്യമാക്കി. 365 മീറ്ററിലധികം നീളമുള്ള യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ) ഇവിടെ കൈകാര്യം ചെയ്തു.
പുതിയ എസ്ടിഎസ് ഷിപ്പ് ടു ഷോർ ക്രെയിനുകളും ഇ-ആർടിജിഎസ് സംവിധാനവും അടുത്തിടെ ടെർമിനലിൽ അവതരിപ്പിച്ചിരുന്നു. യാർഡ് സ്പേസ് വർധിപ്പിച്ച് ടെർമിനലിന്റെ ശേഷി 1.4 ദശലക്ഷം ടിഇയു വർധിപ്പിച്ചു. യാർഡ് ഉപകരണങ്ങളുടെ വൈദ്യുതീകരണം ടെർമിനലിലൂടെയുള്ള ചരക്കുനീക്കത്തിന്റെ കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.
സ്മാർട്ട് എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സൊലൂഷൻസിന്റെ ആഗോള മുൻനിര സേവനദാതാക്കളായ ഡിപി വേൾഡാണ് വല്ലാർപാടം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.
മദർ വെസൽ കണക്ടിവിറ്റി
ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ, സിംഗപ്പുർ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്ക് നേരിട്ടുള്ള മെയിൻലൈൻ (മദർ വെസൽ) കണക്ടിവിറ്റി വല്ലാർപാടം ടെർമിനലിൽനിന്നുണ്ട്.
ഇതിലൂടെ ചരക്കിന്റെ 50 ശതമാനം നേരിട്ട് മദർ വെസലുകളിൽ കൊണ്ടുപോകാനാകും. തിരക്കേറിയ ഹബുകൾ ഒഴിവാക്കുന്നതിലൂടെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഗതാഗതസമയവും ഉറപ്പുവരുത്തുന്നു.