സ്കോഡയുടെ പളുങ്ക്
Saturday, January 18, 2025 1:02 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
മലയാളി പേരിട്ട സ്കോഡയുടെ കൈലാഖ് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിനെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ അതിജീവിച്ച് വീണ്ടും വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.
ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്കോഡയില്നിന്ന് ഇന്ത്യയില്‍ എത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡലാണ് ഈ കുഞ്ഞന്‍ എസ്യുവി. വിലയില്‍ കുറവുണ്ടെങ്കിലും വാഹനത്തിന്റെ ക്വാളിറ്റിയില്‍ കുറവുവരുത്തിയിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ സ്കോഡ. മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 32-ല്‍ 30.88 മാര്‍ക്കും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 49-ല്‍ 45 മാര്‍ക്കും നേടിയാണ് കൈലാഖ് ക്രാഷ് ടെസ്റ്റില്‍ വിജയിച്ചിരിക്കുന്നത്.
വിലയും കരുത്തും
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് MQB-AO-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുഷാഖിനും സ്ലാവിയയ്ക്കും ശേഷം സ്കോഡ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ മോഡലാണ് കൈലാഖ്. ക്ലാസിക്, സിഗ്നേച്ചര്‍, സിഗ്നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെയാണ് വില. ടൊര്‍ണാഡോ റെഡ്, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോള്‍ഡ് എന്നി ഏഴ് കളര്‍ ഓപ്ഷനുകളില്‍ കൈലാഖ് ലഭ്യമാവും. വാഹനത്തിന് മൂന്ന് വര്‍ഷത്തേക്ക് 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും സ്കോഡ നല്‍കുന്നുണ്ട്.
സ്കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. ഇത് 115 ബിഎച്ച്പി കരുത്തും 178 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്സ്മിഷനുകള് ഒരുങ്ങും. പൂജ്യത്തില്‍ നിന്നും 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ വാഹനം കുതിച്ചെത്തും.
ഒറ്റ നോട്ടത്തില്‍ ഒരു മിനി കുഷാഖ് പോലെയാണ് വാഹനത്തിന്റെ രൂപഭംഗിയെങ്കിലും കൈലാഖിന് കുഷാഖിന്റെ അത്രയും നീളമില്ല. 230 എംഎം നീളം കുറവാണുള്ളത്. സബ്-4 മീറ്റര്‍ എസ്യുവി സെഗ്മെന്റിൽ ഹ്യൂണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സണ്‍, മഹീന്ദ്ര എക്സ്യുവി 3 എക്സ്ഒ, മാരുതി ബ്രെസ എന്നിവരാണ് കൈലാഖിന്റെ എതിരാളികള്‍.
പുറക്കാഴ്ച്ചയിലെ അഴക്
സിംഗിള്‍ പാന്‍ സണ്‍റൂഫ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും വൈപ്പറുകളും, കോര്‍ണറിംഗ് ഫംഗ്്ഷനോടുകൂടിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ തുടങ്ങിയവയാണ് പുറക്കാഴ്ച്ചയിലെ അഴക്്. സുരക്ഷ ഉറപ്പാക്കുന്നതിനായി കൈലാഖിന്റെ എല്ലാ പതിപ്പുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 35ല്‍ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.
ഉള്ളിലെ ഹൈലൈറ്റുകള്‍
ക്രൂയിസ് കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോള്, റിയര്‍ എസി വെന്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എട്ട് ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, ക്ലൈമറ്റ് കണ്ട്രോള്, റിയര്‍വ്യൂ കാമറ, പവര്‍ ഫോള്‍ഡിംഗ് മിററുകള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക്നോളജി, ആംബിയന്റ് ലൈറ്റിംഗ്, ടൂ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ആറ് സ്പീക്കര്‍ കാന്റോണ്‍ സൗണ്ട് സിസ്റ്റം, എല്ലാ യാത്രക്കാര്‍ക്കും മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ട്രാക്ഷന്‍ കണ്ട്രോള് പ്രോഗ്രാം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടിങ് പോയിന്റുകള്‍, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഹെഡ്റെസ്റ്റ് എന്നിവയാണ് ഉള്ളിലെ ഹൈലൈറ്റുകള്‍. ഈ മാസം അവസാനത്തോടുകൂടി കൈലാഖ് വിപണിയില്‍ എത്തും.