രൂപ വീണ്ടും നഷ്ടത്തിൽ
Friday, January 17, 2025 12:14 AM IST
മുംബൈ: തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം ഡോളറിനെതിരേ രൂപ വീണ്ടും ഇടിഞ്ഞു. 16 പൈസ നഷ്ടത്തോടെ 86.56ലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്.
വിദേശത്ത് ഡോളർ ശക്തിപ്രാപിച്ചതും ക്രൂഡ് ഓയിലിന്റെ വില പെട്ടെന്ന് ഉയർന്നതും വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്. ബുധനാഴ്ച 13 പൈസ ഉയർന്ന് 86.40ലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ 17 പൈസയുടെ നേട്ടവും സ്വന്തമാക്കിയിരുന്നു.
86.42 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തിൽ 86.37 എന്ന നിലയിലേക്ക് ഉയർന്നു. പിന്നീട് ചൊവ്വാഴ്ചത്തെ മൂല്യത്തെക്കാൾ 16 പൈസ ഇടിയുകയായിരുന്നു.
ആറു പ്രധാന കറൻസികൾക്കെതിരേ ഡോളർ സൂചിക 0.05% ഉയർന്ന് 108.97ലാണ് വ്യാപാരം നടക്കുന്നത്.ഗാസ വെടിനിർത്തൽ കരാർ പരിമിതമായ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, റഷ്യക്കെതിരായ പുതിയ അമേരിക്കൻ ഉപരോധം മൂലമുണ്ടായ വിതരണ തടസങ്ങൾ ബ്രെന്റ് ക്രൂഡ് വില കുത്തനെ ഉയർത്തി. ബ്രെന്റ് ഫ്യൂച്ചറുകൾ 0.46 ശതമാനം ഉയർന്ന് ബാരലിന് 81.65 ഡോളറിലെത്തി.
ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ബുധനാഴ്ച 4533.49 കോടി മൂല്യമുള്ള നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചത്. ഈ മാസം ഇതുവരെ 38,916.05 കോടിയുടെ നിക്ഷേപമാണ് എഫ്ഐഐകൾ പിൻവലിച്ചത്.
രൂപയിൽ ഇടിഞ്ഞെങ്കിലും ഓഹരി വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും പോസിറ്റിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 318.74 പോയിന്റ് ഉയർന്ന് 77042.82 പോയിന്റിലും നിഫ്റ്റി 98.60 പോയിന്റ് നേട്ടത്തോടെ 23311.80 പോയിന്റിലുമെത്തി.