സ്റ്റാർട്ടപ്പ് ഇന്ത്യയിലൂടെ 1.59 ലക്ഷം തൊഴിൽ
പ്രത്യേക ലേഖകൻ
Friday, January 17, 2025 12:14 AM IST
ന്യൂഡൽഹി: ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കുള്ള പ്രയാണത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദശാബ്ദം മുന്പ് ഈ സംവിധാനത്തിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ആളുകൾ സംശയിച്ചപ്പോഴാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്പതു വർഷത്തിനിടെ സർക്കാർ 1.59 ലക്ഷം സംരംഭങ്ങളെ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചിട്ടുണ്ട്. കൃഷി, ഐടി, ബയോടെക്, ഫിൻടെക്, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം എന്നിവയുൾപ്പെടെ 55 വ്യവസായങ്ങളിൽ പുതിയ സംരംഭങ്ങളുണ്ടായി. 2016 ജനുവരിയിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യയിലൂടെ 17.2 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് സ്റ്റാർട്ടപ്പ് ദിനത്തിൽ കേന്ദ്രസർക്കാർ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2.04 ലക്ഷം തൊഴിലവസരങ്ങളുമായി ഐടി സേവന വ്യവസായവും 1.47 ലക്ഷം തൊഴിലവസരങ്ങളുള്ള ആരോഗ്യമേഖലയും ലൈഫ് സയൻസും 94,000 തൊഴിലവസരങ്ങളുള്ള പ്രഫഷണൽ, വാണിജ്യ സേവനങ്ങളുമാണു തൊട്ടുപിന്നിൽ.
സ്റ്റാർട്ടപ്പ് ഇന്ത്യ പരിപാടി എണ്ണമറ്റ യുവാക്കളെ ശക്തീകരിക്കുകയും അവരുടെ നൂതനാശയങ്ങളെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കി മാറ്റുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു. പുതിയ സംരംഭങ്ങൾ തുടങ്ങുന്ന യുവാക്കൾ നിരാശപ്പെടേണ്ടിവരില്ലെന്ന് മോദി ഉറപ്പു നൽകി.
നൂറു കോടി ഡോളറോ അതിൽ കൂടുതലോ സ്വകാര്യ വിപണിമൂല്യമുള്ള യൂണികോണുകളുടെയോ സ്റ്റാർട്ടപ്പുകളുടെയോ എണ്ണം നൂറിലധികമായി വർധിച്ചു. ഏകദേശം 30 ലക്ഷം കോടി രൂപയുടെ മൊത്തം മൂല്യമുണ്ടെന്നും കേന്ദ്രം അറിയിച്ചു.