ഹിൻഡൻബർഗ് പൂട്ടുന്നു
Friday, January 17, 2025 12:14 AM IST
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് കന്പനികൾക്കെതിരായ വെളിപ്പെടുത്തലുകളിലൂടെ ആഗോള ശ്രദ്ധ നേടിയ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്ന.ു കന്പനിയുടെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണ്തന്നെയാണ് അടച്ചുപൂട്ടൽ പ്രഖ്യാപനം നടത്തിയത്.
സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനം വളരെക്കാലമായി തന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും, ഇക്കാര്യം കുടുംബവുമായും സുഹൃത്തുക്കളുമായും ടീം അംഗങ്ങളുമായും ചർച്ച ചെയ്തിരുന്നുവെന്നും ആൻഡേഴ്സൺ വെബ്സൈറ്റിൽ കുറിച്ചു. ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതിനു തൊട്ടുമുന്പാണ് ഈ പ്രഖ്യാപനം വന്നതെങ്കിലും, തീരുമാനത്തിനു പിന്നിൽ പ്രത്യേക ഭീഷണിയോ മറ്റ് വ്യക്തിപരമായ കാരണങ്ങളോ ഇല്ലെന്ന് ആൻഡേഴ്സണ് വ്യക്തമാക്കി.
2023 ജനുവരിയിൽ അദാനി എന്റർപ്രൈസസിനെതിരേ കടുത്ത ആരോപണങ്ങളടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഹിൻഡൻബർഗിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. അദാനി ഗ്രൂപ്പ് വിദേശത്ത് കടലാസ് കന്പനികൾ സ്ഥാപിച്ച്, ആ കന്പനികൾ വഴി സ്വന്തം ഓഹരികളിൽത്തന്നെ നിക്ഷേപം നടത്തി ഓഹരി വില കൃത്രിമമായി ഉയർത്തിക്കാണിച്ചു എന്നതായിരുന്നു പ്രധാന ആരോപണം.
ഈ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയ ഇടിവുണ്ടായി.
കന്പനികളിലെ സാന്പത്തിക ക്രമക്കേടുകൾ, വഞ്ചന, ദുർവിനിയോഗം എന്നിവ അന്വേഷിക്കുക എന്നതായിരുന്നു 2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ പ്രഖ്യാപിത ലക്ഷ്യം. നിരവധി കന്പനികൾക്കെതിരേ സ്ഥാപനം അന്വേഷണം നടത്തി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്, ഇത് ആ കന്പനികളുടെ ഓഹരികളിൽ ഗണ്യമായ ഇടിവിന് കാരണമായി.ഹിൻഡൻബർഗ് പൂട്ടുകയാണെന്ന വാർത്ത വന്നതോടെ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്നലെ മൂന്നു ശതമാനത്തിലേറെ ഉയർന്നു.