ഡോളറിനെതിരേ രൂപയ്ക്ക് റിക്കാർഡ് ഇടിവ്
Tuesday, January 14, 2025 2:00 AM IST
മുംബൈ: അമേരിക്കൻ ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ ഇടിവ് സർവകാല റിക്കാർഡിൽ. രണ്ട് വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ട രൂപ ഇന്നലെ 58 പൈസ നഷ്ടത്തിൽ 86.62 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലാണു. ഡോളർ ശക്തിപ്രാപിക്കുന്നതും ഡോളർ കടപത്ര മൂല്യം വർധിച്ചതും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ ഇടിവിനു കാരണമായത്.
86.12നാണ് രൂപ ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് ഒരു പൈസ ഉയർന്ന് 86.11 മൂല്യത്തിലെത്തി. എന്നാൽ, അവസാനം 58 പൈസ നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.
2023 ഫെബ്രുവരി ആറിനുണ്ടായ 68 പൈസയുടെ ഇടിവാണ് ഒരു ദിവസമുണ്ടായ ഏറ്റവും വലിയ മൂല്യത്തകർച്ച.
2024 ഡിസംബർ 30 ന് 85.52 എന്ന ക്ലോസിംഗ് ലെവലിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യൻ കറൻസി ഒരു രൂപയിലധികം ഇടിഞ്ഞിട്ടുണ്ട്. 2024 ഡിസംബർ 19നാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം 85ലെത്തിയത്.
വെള്ളിയാഴ്ച വ്യാപാരം നിർത്തുന്പോൾ രൂപയുടെ മൂല്യം 18 പൈസ നഷ്ടത്തിൽ 86.04ലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആറു പൈസയുടെയും 17 പൈസയുടെയും നഷ്ടം രേഖപ്പെടുത്തിയശേഷം വ്യാഴാഴ്ച രൂപയുടെ മൂല്യം അഞ്ചു പൈസ ഉയർന്നിരുന്നു.
നിക്ഷേപകർ കൂടുതലായി ഡോളറിനെ പിന്തുടരാൻ തുടങ്ങിയത് ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള വിദേശ മൂലധന നിക്ഷേപം വൻതോതിൽ പിൻവലിക്കുന്നതിനിടയാക്കി. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്ച 2,254.68 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ പിൻവലിച്ചു.
ഈ മാസം ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽനിന്ന് 21,357 കോടി രൂപ പിൻവലിച്ചതായാണ് കണക്കുകൾ.
ജനുവരി മൂന്നിന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം 5.693 ബില്യണ്‍ ഡോളർ കുറഞ്ഞ് 634.585 ബില്യണ്‍ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.
അതേസമയം, യുഎസിൽ പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ വളർച്ച ഉണ്ടായി. ഇത് ഡോളറിനെ ശക്തിപ്പെടുത്തി. ഇത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ ട്രഷറി വരുമാനം ഉയർന്നത് ഡോളറിനെ ശക്തിപ്പെടുത്തി. ഇത് രൂപയ്ക്ക് ഇടിവുണ്ടാക്കിയതായി വിശകലന വിദഗ്ധർ പറഞ്ഞു.
കൂടാതെ, യുഎസ് റഷ്യക്കെതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതോടെ ബ്രെന്റ് ഓയിലിന്റെ വില ബാരലിന് 81 ഡോളറിലേക്ക് ഉയർന്നു. ഇതോടെ ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത വർധിച്ചു.
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിലുള്ള പുതിയ ഭരണകൂടം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യാപാര നിയന്ത്രണങ്ങളെ ഉറ്റുനോക്കി നിക്ഷേപകർ ഇതിനകം ജാഗ്രത പുലർത്തുന്ന സമയമാണിത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.29 ശതമാനത്തിന്റെ മുന്നേറ്റമാണുണ്ടായത്. ഇത് രണ്ടു വർഷത്തെ ഉയർന്ന 109.80 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. 10 വർഷത്തെ യുഎസ് കടപത്ര മൂല്യം 0.48 ശതമാനം ഉയർന്ന് 4.79 ശതമാനത്തിലെത്തി. 2023 നവംബർ ശേഷമുള്ള ഉയർച്ചാണിത്.
ഓഹരി വിപണികളും നഷ്ടത്തിൽ
ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1048.90 പോയിന്റ് നഷ്ടത്തോടെ 76,330.01 പോയിന്റിലും നിഫ്റ്റി 345.55 പോയിന്റ് ഇടിവോടെ 23,085.95 പോയിന്റിലും വ്യാപാരം അവസാ നിപ്പിച്ചു.