മാരുതി സുസുക്കിക്ക് ടാറ്റയുടെ ‘പഞ്ച് ’
Tuesday, January 7, 2025 11:03 PM IST
മുംബൈ: ഇന്ത്യൻ കാർ വിപണിയിൽ നാലു പതിറ്റാണ്ടുനീണ്ട മാരുതി സുസുക്കിയുടെ അപ്രമാദിത്വത്തിന് അവസാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറിന്റെ നിർമാതാക്കളെന്ന സുസുക്കിയുടെ 40 വർഷത്തെ റിക്കാർഡ് ടാറ്റ മോട്ടോഴ്സ് തകർത്തു.
ടാറ്റ മോട്ടോഴ്സിന്റെ സബ്കോംപാക്റ്റ് എസ്യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗണ്‍ ആർ, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറെന്ന നേട്ടം സ്വന്തമാക്കി. 2024ൽ 202,030 ടാറ്റ പഞ്ച് കാറുകളുടെ വിൽപ്പനയാണ് നടന്നത്. മാരുതിയുടെ വാഗണ്‍ ആർ 1,90,855 യൂണിറ്റും എർട്ടിഗ കാറുകൾ 1,90,091 എണ്ണമാണ് വിറ്റത്.
2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകളിൽ മൂന്നെണ്ണം എസ്യുവികളായിരുന്നു. വലിയ വാഹനങ്ങൾ വിപണി കൈയടക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണിത്.
പ്രീമിയം ഫീച്ചറുകളിലേക്ക് ഉപഭോക്താക്കളിലുണ്ടായ മുൻഗണനയാണ് എസ്യുവികളുടെ ഉയർന്ന വില്പന വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ എസ്യുവി വിപണി സമീപ വർഷങ്ങളിൽ വളർച്ചയുടെ പാതയിലാണ്. പാസഞ്ചർ വെഹിക്കിൾ (പിവി) വിപണിയുടെ വിഹിതം 2021 ൽ 32 ശതമാനത്തിൽ നിന്ന് 2024 ൽ 50 ശതമാനമായി വർധിച്ചു.
മാരുതി ബ്രെസ 1,88,160 കാറുകൾ വിറ്റ് നാലാം സ്ഥാനത്തും 1,86,919 കാറുകളുടെ വിൽപ്പന നടന്ന ഹ്യൂണ്ടായി ക്രെറ്റ അഞ്ചാം സ്ഥാനത്തുമാണ്. 1,90,091 യൂണിറ്റുകൾ വിറ്റഴിച്ച വാഗണ്‍ ആർ രണ്ടാം സ്ഥാനത്തെത്തി.
സമീപ വർഷങ്ങളിൽ മാരുതിക്ക് വിപണി വിഹിതം വലിയ തോതിൽ നഷ്ടപ്പെടുകയാണ്. 2018 ൽ 52 ശതമാനത്തിൽ നിന്ന് 2024 ൽ 41 ശതമാനമായി കുറഞ്ഞു. 42.86 ലക്ഷം കാറുകളാണ് 2024ൽ മാരുതി വിറ്റഴിച്ചത്.
1980കളുടെ മധ്യത്തോടെ മാരുതി 800 ഇറക്കിയാണ് മാരുതി ഇന്ത്യൻ വാഹന വിപണി പിടിച്ചെടുത്തത്. ഇതിനു മുന്‍പ് സ്വാതന്ത്ര ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡർ കാറായിരുന്നു വിൽപ്പനയിൽ മുന്നിൽ.
ഏകദേശം മൂന്നു പതിറ്റാണ്ടോളം അംബാസഡറായിരുന്നു ഒന്നാമത്. മാരുതി 800നു പിന്നാലെ ഓൾട്ടോ, വാഗണ്‍ ആർ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങി ജനപ്രിയ വാഹനങ്ങളിലൂടെ മാരുതി 40 വർഷത്തോളം മാരുതി സുസുക്കി ഇന്ത്യൻ കാർ വിപണിയിൽ ഒന്നാമതായി നിന്നു.
നഷ്ടത്തിൽനിന്നുള്ള ടാറ്റയുടെ കുതിപ്പ്
വളരെ ജനപ്രീതിയാർജിച്ച ടാറ്റ സുമോ, ഇൻഡിക്ക, ഇൻഡിഗോ, രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായടാറ്റ നാനോ തുടങ്ങി 15ലേറെ കാറുകളുടെ നിർമാണം പൂർണമായും അവസാനിപ്പിച്ച ടാറ്റ മോട്ടോഴ്സ് വലിയ നഷ്ടത്തിൽനിന്നാണ് വീണ്ടും കാർ വിപണിയിലേക്കു തിരിച്ചെത്തിയത്.
2016ൽ വിപണിയിലെത്തിയ ടിയാഗോയിലൂടെയാണ് ടാറ്റ തിരിച്ചുവരവ് നടത്തിയത്.2024ൽ മൊത്തം 565,000 യൂണിറ്റുകൾ വിറ്റഴിച്ച കന്പനിയുടെ തുടർച്ചയായ നാലാം വർഷവും വിൽപ്പനയിൽ റിക്കാർഡ് ഭേദിച്ചു. എസ്യുവി വിഭാഗത്തിൽ മാത്രം 19 ശതമാനം വളർച്ചയുണ്ടായി.
2021ൽ പുറത്തിറങ്ങി ആദ്യ മാസത്തിൽ തന്നെ ടാറ്റ പഞ്ച് 10,000 കാറുകൾ വിറ്റഴിച്ചുകൊണ്ട് ശക്തമായ അരങ്ങേറ്റം നടത്തി, 2022ൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പത്താമത്തെ കാറായി മാറി.