പ്രതീക്ഷയിൽ റബർ കർഷകർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, November 11, 2024 12:03 AM IST
കൊച്ചി: ഒസാക്കയിൽ ഉടലെടുത്ത പുൾ ബാക്ക് റാലി ഏഷ്യൻ റബർ മാർക്കറ്റുകളെ പുതിയ ദിശയിലേക്ക് തിരിക്കുമോ? സംസ്ഥാനത്തെ കർഷകർ റബർ ഉത്പാദനം ഉയർത്താനുള്ള കഠിന ശ്രമത്തിൽ. മണ്ഡലകാല നോന്പിന് തുടക്കംകുറിച്ചതോടെ ചെറുകിട വിപണികളിൽ നാളികേരത്തിന് ആവശ്യം വർധിച്ചു. വിവാഹ സീസണാരംഭിച്ചതോടെ ഉത്തരേന്ത്യയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഡിമാൻഡ്. ഡോളറിൽ തട്ടി വിദേശത്ത് കൊക്കോ മലക്കം മറിഞ്ഞു. സ്വർണവിലയിൽ ശക്തമായ സാങ്കേതിക തിരുത്തൽ.
റബർ തിരിച്ചുവരുമോ?
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ദുർബമെങ്കിലും പുൾ ബാക്ക് റാലിക്കുള്ള സാധ്യതയെപ്പറ്റി മുൻ വാരം നൽകിയ സൂചന നൂറ് ശതമാനം ശരിവച്ച് റബർ താഴ്ന്ന തലത്തിൽ നിന്നും കുതിച്ചു. അതേ ഫെബ്രുവരി അവധി 345 യെന്നിൽ നീങ്ങിയ അവസരത്തിൽ സൂചിപ്പിച്ച 355- 366 റേഞ്ചിലേക്ക് റബർ തിരിച്ചുവരവ് കാഴ്ചവച്ചു.
വാരാന്ത്യം 365 യെന്നിൽ നിലകൊള്ളുന്ന റബറിന് കൂടുതൽ മികവിന് അവസരം ഒത്തുവരണമെങ്കിൽ വിനിമയ വിപണിയിൽ നിന്നുള്ള ചൂടൻ വാർത്തകൾതന്നെ വേണ്ടിവരും. അതല്ലെങ്കിൽ ചൈനീസ് വ്യവസായികൾ റബർ സംഭരണത്തിനായി രാജ്യാന്തര വിപണിയിൽ അണിനിരക്കണം. ഫണ്ടുകൾ ഷോർട്ട് കവറിംഗിന് മുതിരാനുള്ള സാധ്യതകൾ ഉരുത്തിരിഞ്ഞാൽ ഒസാക്കയിൽ റബർ 379 യെന്നിലെ പ്രതിരോധം തകർക്കാം.
സാങ്കേതികമായി വീക്ഷിച്ചാൽ മികവിന് നീക്കം നടത്തിയാൽ 384-399 യെൻ വരെ റബർ വില ഉയരാം. വിൽപ്പനസമ്മർദം ജപ്പാനിൽ ഉടലെടുത്താൽ റബർ 346 - 336 യെന്നിലേക്ക് തിരുത്തലിന് ശ്രമിക്കും. ചൈനീസ് ലൂണാർ പുതുവത്സവ വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള കച്ചവടങ്ങൾക്ക് ഈ വാരം അവർ രംഗത്ത് ഇറങ്ങാനും സാധ്യത.
സിംഗപ്പുരിൽ റബർ 197 ഡോളറിൽനിന്നും 203 വരെ കയറിയെങ്കിലും വാരാന്ത്യം പഴയ നിലവാരത്തിൽ ക്ലോസിംഗ് നടന്നു. അതേസമയം ബാങ്കോക്കിൽ റബർ വില കിലോ 194 രൂപയിൽനിന്നും 186 ലേക്ക് തുടക്കത്തിൽ ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ വാരാന്ത്യം 199 രൂപയിലാണ്.
യെൻ ദുർബലം
ഫോറെക്സ് മാർക്കറ്റിൽ ഡോളർ ശക്തിപ്രാപിച്ചതോടെ യെൻ കൂടുതൽ ദുർബലമായി 152.87ൽ നിന്നും കഴിഞ്ഞ വാരം സൂചിപ്പിച്ച 153.92ലെ പ്രതിരോധവും തകർത്ത് 154.60ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 152.63ലാണ്. യുഎസ് ഫെഡ് റിസർവ് ഈ വർഷം രണ്ടാം തവണ പലിശ നിരക്ക് കുറച്ചതിന്റെ പ്രതിഫലനം ഇന്ന് ഫോറെക്സ് മാർക്കറ്റിൽ പ്രതീക്ഷിക്കാം. വീക്ക്ലി ചാർട്ട് പരിശോധിച്ചാൽ യെന്നിന്റെ മൂല്യം 156.36 വരെ ദുർബലമാകാൻ സാധ്യത.
വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾ കാർഷിക മേഖലയ്ക്ക് ഊർജം പകർന്നെങ്കിലും ടയർ കന്പനികൾ ഷീറ്റ് സംഭരണത്തിൽ തണുപ്പൻ മനോഭാവം തുടർന്നു. സംസ്ഥാനത്ത് ടാപ്പിംഗ് സീസണായതിനാൽ ഉത്പാദനകേന്ദ്രങ്ങളിൽനിന്നും വൈകാതെ കൂടുതൽ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന നിലപാടിലാണ് വ്യവസായികൾ അകന്ന് കളിക്കുന്നത്. രാത്രി താപനില കുറഞ്ഞത് റബർ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തി. ആർ എസ്എസ് നാലാം ഗ്രേഡ് 17,800 രൂപയിൽ നിന്ന് 18,200 രൂപയായി. അഞ്ചാം ഗ്രേഡ് 17,800ലും ഒട്ടുപാൽ 13,300ലും ലാറ്റ്ക്സ് 12,000 രൂപയിലും ക്ലോസിംഗ് നടന്നു.
നാളികേരത്തിൽ പ്രതീക്ഷ
മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്നതോടെ നാളികേര മേഖലയിലെ ചരക്കുക്ഷാമം രൂക്ഷമാക്കുമെന്ന നിഗമനത്തിലാണ് തമിഴ്നാട് ലോബി. കേരളത്തിലും തമിഴ്നാട്ടിലും സീസണ് കഴിഞ്ഞതിനാൽ കാർഷിക മേഖലകളിൽ നാളികേരത്തിന്റെ നീക്കിയിരിപ്പ് കുറവാണ്.
വാങ്ങൽ താത്പര്യം ശക്തമായാൽ വിലക്കയറ്റത്തിന് വേഗത കൂടാം. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും ഡിമാൻഡ് വർധിക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. പുതിയ സാഹചര്യത്തിൽ മണ്ഡലകാലത്ത് പച്ചതേങ്ങ റിക്കാർഡ് പ്രകടനം കാഴ്ചവയ്ക്കാം. നിലവിൽ കിലോ 70 രൂപ നിലവാരത്തിലാണ് നീങ്ങുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണ 20,000 രൂപയിലും കൊപ്ര 13,200 രൂപയിലുമാണ്. മലബാർ മേഖലയിൽ എണ്ണവില 22,600 രൂപയിലുമാണ്.
ഏലക്ക, കൊക്കോ, കുരുമുളക്
ഏലക്ക വാങ്ങാൻ ആഭ്യന്തര വിദേശ വാങ്ങലുകാർ ഉത്സാഹിച്ചു. പുതിയ ചരക്ക് കൂടുതലായി വിൽപ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ ആഭ്യന്തര വാങ്ങലുകാരിൽനിന്നും ഏലത്തിനു ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഗൾഫ് ഓർഡറുകൾ മുന്നിൽക്കണ്ട് കയറ്റുമതി സമൂഹവും ഏലക്ക വാങ്ങി. വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2772 രൂപയിലും ശരാശരി ഇനങ്ങൾ 2541 രൂപയിലുമാണ്.
അന്താരാഷ്ട്ര വിപണിയിൽ കൊക്കോ വിലയിൽ വൻ ചാഞ്ചാട്ടം. ഡോളർ ശക്തിപ്രാപിക്കുന്നതു കണ്ട് നിക്ഷേപകർ ന്യൂയോർക്കിൽ കൊക്കോ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കം വിലയെ ബാധിച്ചു. അതേസമയം ലണ്ടൻ എക്സ്ചേഞ്ചിൽ ഉത്്പന്നം ഈ അവസരത്തിൽ കരുത്ത് നിലനിർത്തി. രാജ്യാന്തര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ സംസ്ഥാനത്തെ വിപണികളിൽ ലഭ്യതക്കുറവ് മൂലം വിലയിൽ മാറ്റമില്ല. ഉണക്ക കൊക്കോ കിലോ 550 രൂപയിലും പച്ച കൊക്കോ കിലോ 170 രൂപയിലും വ്യാപാരം നടന്നു.
കുരുമുളക് ഉത്പാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ ഔദ്യോഗിക ഏജൻസികളിൽനിന്നും വരുന്നത്. കർഷകരെയും വ്യാപാരികളെയും ആശയകുഴപ്പത്തിലാക്കി. അടുത്ത വർഷം ബംപർ വിളവെന്ന പ്രവചനങ്ങളാണ് നേരത്തേ പുറത്തുവന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ കുരുമുളക് ഉത്പാദനം കുറയുന്ന അവസ്ഥയെന്ന് കാർഷിക മേഖല. ഓഫ് സീസണിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യമാണ് തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് കർഷകർ. ചരക്ക് ലഭ്യത കുറഞ്ഞതിന്റെ ചുവടുപിടിച്ച് അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 8000 ഡോളർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് കിലോ 660 രൂപ.
സംസ്ഥാനത്തെ ആഭരണ വിപണികളിൽ പവൻ 58,960 രൂപയിൽനിന്നും 57,600 ലേക്ക് വാരമധ്യം ഇടിഞ്ഞങ്കിലും ശനിയാഴ്ച പവൻ 58,200 ലാണ്.