വിദൂരഗ്രഹത്തിൽ ജീവൻ? തെളിവുണ്ടെന്ന് ഗവേഷകർ
Friday, April 18, 2025 12:51 AM IST
ലണ്ടൻ: ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടാകാമെന്ന വാദത്തിന് ശക്തിപകരുന്ന തെളിവുകൾ ലഭിച്ചതായി ഗവേഷകർ.
ചിങ്ങരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിൽ ഡൈമെത്തൈൽ സൾഫൈഡ്, ഡൈമെത്തൈൽ ഡൈസൾഫൈഡ് എന്നീ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിനു കാരണം. സമുദ്രങ്ങളിലെ ഏകകോശ ജീവികൾ മാത്രമാണ് ഈ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കാറ്.
കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. നിക്കു മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം, ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് പ്രഫ. മധുസൂദനൻ പറഞ്ഞു.
ഭൂമിയേക്കാൾ ഒന്‍പതിരട്ടി വലിപ്പമുള്ള ഈ ഗ്രഹം സൂര്യന്റെ പാതിയിൽ താഴെ വലിപ്പമുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണു ഭ്രമണം ചെയ്യുന്നത്. 2019ൽ ഗ്രഹാന്തരീക്ഷത്തിൽ നീരാവി കണ്ടെത്തിയെന്ന അവകാശവാദം ഉയർന്നിരുന്നു. സൗരയൂഥത്തിനു പുറത്ത് ജീവൻ ഉണ്ടാകാൻ സാധ്യത ഏറ്റവും കൂടിയ ഗ്രഹം ഇതാണെന്ന നിഗമനവും പിന്നാലെയുണ്ടായി.
എന്നാൽ, മീതേൻ വാതകസാന്നിധ്യത്തെ നീരാവിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പ്രഫ. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം തുടർപഠനങ്ങളിൽ സ്ഥിരീകരിച്ചു.