യുക്രെയ്ൻ യുദ്ധത്തിൽ ചൈനക്കാർ പിടിയിൽ
Wednesday, April 9, 2025 11:43 PM IST
കീവ്: റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ രണ്ടു ചൈനീസ് പൗരന്മാരെ യുക്രെയ്ൻ സേന പിടികൂടിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഇതിലൊരാളുടെ വീഡിയോ സെലൻസ്കി പുറത്തുവിട്ടു. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കിൽനിന്നാണ് ഇവരെ പിടികൂടിയത്.
ഉത്തരകൊറിയൻ സേന റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങുന്നതുപോലെയല്ല ഈ സംഭവമെന്നു സെലൻസ്കി വിശദീകരിച്ചു. ഉത്തരകൊറിയൻ ഭടന്മാരെ റഷ്യക്കുള്ളിലാണു വിന്യസിച്ചത്. എന്നാൽ ചൈനക്കാരെ പിടികൂടിയത് യുക്രെയ്ന്റെ ഭൂമിയിൽനിന്നാണ്. ഒട്ടെറെ ചൈനക്കാർ റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്നുണ്ടെന്നും സെലൻസ്കി ആരോപിച്ചു.
യുദ്ധത്തിൽ ചൈനീസ് പൗരന്മാരുടെ ഇടപെടലിനെക്കുറിച്ച് യുക്രെയ്ൻ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. ചൈനയുടെ സമാധാനശ്രമങ്ങളിൽ സംശയം ഉയർത്തുന്ന സംഭവമാണിതെന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ ആരോപിച്ചു. ഇതിനു പുറമേ, കീവിലെ ചൈനീസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു.
കാര്യങ്ങൾ മനസിലാക്കിവരികയാണെന്നും പൗരന്മാർ സായുധസംഘർഷങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം, റഷ്യക്കുവേണ്ടി ഒട്ടേറെ ചൈനീസ് പൗരന്മാർ യുദ്ധത്തിനിറങ്ങിയിട്ടുണ്ടെന്ന യുക്രെയ്ന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. റിപ്പോർട്ടുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് യുഎസ് പ്രതികരിച്ചു.