കാത്തിരിപ്പിനു വിരാമം! സുനിതയും വിൽമറും ഭൂമിയിൽ
Wednesday, March 19, 2025 2:18 AM IST
ഫ്ലോറിഡ: ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ നാസാ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമറും ഒന്‍പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഭൂമിയിലേക്ക്. കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്നു പുലർച്ചെ 3.27നു സുനിതയും സംഘവും ഭൂമിയിലെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 10.35നാണ് സുനിതയും (59) വിൽമറും(62) ഉള്ള പേടകം ഭൂമിയിലേക്കു യാത്ര തിരിച്ചത്. ഇവർക്കൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും ഉണ്ടായിരുന്നു.
ഇന്നലെ ഇന്ത്യൻ സമയം 10.15ന് ഹാച്ചിംഗ് പൂർത്തിയായി. ഡ്രാഗണ്‍ പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണ് ഹാച്ചിംഗ്. ഇതിനു പിന്നാലെ നിലയവുമായി വേർപെടുത്തുന്ന അതിനിർണായക ഘട്ടമായി അണ്‍ഡോക്കിംഗും വിജയകരമായി പൂർത്തിയായതോടെ പേടകം ഭൂമിയിലേക്കു യാത്ര തിരിച്ചു.
പുലർച്ചെ 3.27ന് പേടകം അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ പതിക്കുമെന്നാണു കരുതുന്നത്. ഇതു വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കും.
ലോ ഗ്രാവിറ്റിയിൽനിന്നു വരുന്ന യാത്രികർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അതിനാൽ ലാൻഡ് ചെയ്താലുടൻ സുനിതയെയും വിൽമറിനെയും ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും.
റിട്ടയേഡ് നേവി ക്യാപ്റ്റന്മാരായ സുനിതയും വിൽമറും സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു യാത്രയായത്. ഒരാഴ്ചയ്ക്കകം തിരിച്ചുവരാനായിരുന്നു പദ്ധതി.
എന്നാൽ, സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിൽ മടക്കയാത്ര നടന്നില്ല. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്.
ഏറ്റവും കൂടുതൽ സ്പേസ് വാക്ക് നടത്തിയ വനിത എന്ന റിക്കാർഡിനുടമയാണ് സുനിത വില്യംസ്. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ഒന്‍പത് മിനിറ്റുമാണു സുനിത ബഹിരാകാശത്ത് നടന്നത്.