യൂറോപ്യൻ യൂണിയന്റെ ക്ഷണം നിരസിച്ച് ചിൻപിംഗ്
Monday, March 17, 2025 1:45 AM IST
ബ്രസൽസ്: ചൈന-യൂറോപ്യൻ യൂണിയൻ സഹകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ലി ക്വിയാംഗ് ആയിരിക്കും ബ്രസൽസിലെത്തുകയെന്നു ചൈനീസ് വൃത്തങ്ങൾ യൂറോപ്യൻ യൂണിയനെ അറിയിച്ചു.
ചൈന-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ബ്രസൽസിൽ നടക്കുന്പോൾ ചൈനീസ് പ്രധാനമന്ത്രിയാണ് പങ്കെടുക്കാറ്. ഉച്ചകോടി ബെയ്ജിംഗിലാണെങ്കിൽ ചൈനീസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. എന്നാൽ, ഇക്കുറി ബ്രസൽസിലെ ഉച്ചകോടിയിൽ പ്രസിഡന്റ് ഷി എത്തണമെന്നായിരുന്നു യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ആഗ്രഹം.
ചൈനയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം നിലവിൽ അത്ര സുഖകരമല്ല. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയെ ചൈന പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയന് അനിഷ്ടമുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു യൂണിയൻ തീരുവ ചുമത്തിയതും മറ്റൊരു പ്രധാന പ്രശ്നമാണ്.