ഗാസ വെടിനിർത്തൽ ചർച്ച പരാജയം
Sunday, March 16, 2025 1:34 AM IST
ദോഹ: ഗാസ വെടിനിർത്തൽ നീട്ടാനായി ഖത്തറിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ഹമാസ് ഭീകരർ തീർത്തും അപ്രായോഗികമായ ആവശ്യങ്ങൾ ഉന്നയിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് അമേരിക്ക ആരോപിച്ചു.
മാർച്ച് 31ന് അവസാനിച്ച ഒന്നാംഘട്ട വെടിനിർത്തൽ ഏപ്രിൽ മധ്യം വരെ നീട്ടാനുള്ള നിർദേശമാണ് ഖത്തറിൽ ചർച്ച ചെയ്തത്.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീനികളെയും ഇക്കാലയളവിൽ പരസ്പരം മോചിപ്പിക്കാം. അമേരിക്കയുടെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് ഈ നിർദേശം മുന്നോട്ടു വച്ചത്.
ഇസ്രയേൽ ഈ നിർദേശം നേരത്തേതന്നെ അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഖത്തർ ചർച്ചയിൽ ഹമാസ് സമ്മതിച്ചില്ലെന്നാണു റിപ്പോർട്ട്. യുദ്ധം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാൻ നിർദേശിക്കുന്ന രണ്ടാംഘട്ട വെടിനിർത്തലിന്റെ കാര്യത്തിൽ ഉറപ്പു ലഭിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം.
ജനുവരി 19ന് ആരംഭിച്ച ഒന്നാം ഘട്ട വെടിനിർത്തലിനിടെ ഹമാസ് 25 ഇസ്രേലികളെയും അഞ്ച് തായ്ലൻഡ് പൗരന്മാരെയും മോചിപ്പിക്കുകയും എട്ടു മൃതദേഹങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 1,800 പലസ്തീൻ തടവുകാർ മോചിതരായി.