ഡ്രാഗൺ പേടകം ബഹിരാകാശ സ്റ്റേഷനിൽ; മടങ്ങാനൊരുങ്ങി സുനിത
Monday, March 17, 2025 1:45 AM IST
ഹൂസ്റ്റൺ: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിച്ചു.
സുനിതയ്ക്കും വിൽമറിനുമൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്.
ബുധനാഴ്ചയാണു മടക്കം പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഭൂമിയിൽ അനുകൂല കാലാവസ്ഥയ്ക്ക് വേണ്ടിവന്നാൽ മടക്കയാത്രയ്ക്കു ചെറിയ താമസം ഉണ്ടായേക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.
ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലാണു സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യം ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തിനുശേഷം മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിനു തകരാർ ഉണ്ടായതോടെ ഇരുവരും ഒന്പതു മാസമായി സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.