യുഎസിലെ ദക്ഷിണാഫ്രിക്കൻ സ്ഥാനപതിയെ പുറത്താക്കി
Sunday, March 16, 2025 1:34 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പുറത്താക്കൽ വിവരം അറിയിച്ചത്. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റസൂൽ അമേരിക്കയെയും പ്രസിഡന്റ ്ട്രംപിനെയും വെറുക്കുന്നതായി റൂബിയോ ആരോപിച്ചു.
ട്രംപ് അധികാരമേറ്റശേഷം അമേരിക്കയും ദക്ഷിണാഫ്രിക്കയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് അംബാസഡറുടെ പുറത്താകലിനു വഴിവച്ചത്.
ദക്ഷിണാഫ്രിക്കൻ സർക്കാർ അവിടത്തെ വെള്ളക്കാരോട് വിവേചനം കാട്ടുന്നതായി ആരോപിച്ച ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുള്ള സഹായം മരവിപ്പിച്ചിരുന്നു. അമേരിക്കയുടെ മിത്രമായ ഇസ്രയേലിനെതിരേ ഗാസ യുദ്ധത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ കേസ് കൊടുത്തതും ട്രംപിന്റെ അനിഷ്ടത്തിനു കാരണമാണ്.
അംബാസഡർ റസൂലിന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചിരുന്നതായും പറയുന്നു.
റസൂൽ വെള്ളിയാഴ്ച ഒരു പരിപാടിക്കിടെ ട്രംപിനെ കുറ്റപ്പെടുത്തി സംസാരിച്ചതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ അമേരിക്കയിൽനിന്നു പുറത്താക്കിയതായി മാർക്കോ റൂബിയോ പ്രഖ്യാപിച്ചത്.
സ്ഥാനപതിയെ പുറത്താക്കിയത് ഖേദകരമാണെന്നും അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താനാണ് ആഗ്രഹമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.