ഫ്രാന്‍സിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍
Tuesday, March 18, 2025 1:48 AM IST
വത്തിക്കാന്‍ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായി ഫ്രാന്‍സിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍.
ആശുപത്രി ചാപ്പലിലെ കസേരയില്‍ വെളുത്ത കൊത്തീനയും ഊറാറയും ധരിച്ചിരുന്ന് അള്‍ത്താരാഭിമുഖമായി മാർപാപ്പ പ്രാര്‍ഥിക്കുന്ന ചിത്രമാണു വത്തിക്കാൻ പുറത്തുവിട്ടത്.
ഞായറാഴ്ച രാവിലെ ജെമെല്ലി ആശുപത്രിയിൽ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സഹകാർമികനായി ഫ്രാൻസിസ് മാർപാപ്പ സംബന്ധിച്ചുവെന്ന് വത്തിക്കാൻ അറിയിച്ചു. വിശുദ്ധ കുർബാന അർപ്പിച്ചശേഷം പ്രാർഥനാനിമഗ്നനായിരിക്കുന്ന ചിത്രമാണു പുറത്തുവിട്ടത്.
ഫെബ്രുവരി 14ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഇതാദ്യമായാണു മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പങ്കുവയ്ക്കുന്നത്.
മാർപാപ്പ പൂർവ ആരോഗ്യത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചനയാണിതെന്നും അടുത്തദിവസംതന്നെ അദ്ദേഹം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ടേക്കാമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുനൂറോളം മാധ്യമപ്രവർത്തകരാണ് എല്ലാ ദിവസവും ജെമെല്ലി ആശുപത്രിയിലെത്തി മാർപാപ്പയുടെ ആരോഗ്യസ്ഥിതി റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മാർപാപ്പയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെങ്കിലും ഔദ്യോഗിക വാർത്താക്കുറിപ്പുകളിൽ വത്തിക്കാൻ പ്രസ് ഓഫീസ് ഇപ്പോഴും "സങ്കീർണം’ എന്ന വാക്ക് ഉൾപ്പെടുത്തുന്നുണ്ട്.