പാനമ കനാൽ: സൈന്യത്തോട് നിർദേശങ്ങൾ ആവശ്യപ്പെട്ട് യുഎസ്
Saturday, March 15, 2025 12:00 AM IST
വാഷിംഗ്ടൺ ഡിസി: പാനമ കനാൽ അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ സൈന്യത്തിനോടു ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ ഇരുവശത്തുമുള്ള സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കനാൽ യുഎസിന്റെ നിയന്ത്രണത്തിലാക്കാനുള്ള ആഗ്രഹം പ്രസിഡന്റ് ട്രംപ് പലവട്ടം പ്രകടിപ്പിച്ചിരുന്നു. കനാലിൽ ചൈനയ്ക്കുള്ള താത്പര്യങ്ങളാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നതെന്നു സൂചനയുണ്ട്.
ട്രംപ് ഭരണകൂടം തയാറാക്കിയ ഇടക്കാല ദേശീയസുരക്ഷാ മാർഗ രേഖയിൽ കനാലിന്റെ കാര്യവും പറയുന്നതായി രണ്ട് ഉന്നത ഉദ്യോഗസ്ഥർ അമേരിക്കൻ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
പാനമയിലെ സൈന്യവുമായി സഹകരിച്ച് കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള മാർഗങ്ങളടക്കം യുഎസിന്റെ പരിഗണനയിലുണ്ട്.
കനാൽ മുന്പ് അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു. 1999ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറാണ് പാനമ രാജ്യത്തിന് കനാലിന്റെ നിയന്ത്രണം കൈമാറിയത്.