ഗാസയിൽ ആക്രമണങ്ങൾ; നാലു മാധ്യമപ്രവർത്തകർ അടക്കം 14 പേർ കൊല്ലപ്പെട്ടു
Monday, March 17, 2025 1:45 AM IST
കയ്റോ: ഇസ്രേലി സേന ശനിയാഴ്ച ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 14 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിൽ നാലു മാധ്യമപ്രവർത്തകരടക്കം ഒന്പതു പേർ കൊല്ലപ്പെട്ടു.
ശനിയാഴ്ച നഗരത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. പരിക്കേറ്റ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്.
ബെയ്ത് ലാഹിയയിലെ ഒരു ജീവകാരുണ്യ സംഘടനയുടെ ദൗത്യത്തിനായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടതെന്ന് പലസ്തീൻ മാധ്യമപ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്തകരും ഫോട്ടാഗ്രാഫർമാരും വാഹനത്തിലുണ്ടായിരുന്നു.
പലസ്തീൻ, ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനകളിലെ ആറു പേരെ വധിച്ചെന്നും ചില തീവ്രവാദികൾ മാധ്യമപ്രവർത്തകരായി ചമയുകയായിരുന്നുവെന്നും ഇസ്രേലി സേന അറിയിച്ചു.
സെൻട്രൽ ഗാസയിലെ ജുഹുർ എൽദീക്ക് പട്ടണത്തിലും തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഈ ആക്രമണങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്.