യുഎസിൽ മുട്ട പ്രതിസന്ധി; കയറ്റുമതി അഭ്യർഥന നിരസിച്ച് ഫിൻലൻഡ്
Monday, March 17, 2025 11:38 PM IST
ന്യൂയോർക്ക്: രാജ്യത്ത് മുട്ടകളുടെ വില വർധിച്ചിരിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ യുഎസിലെ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നു.
യൂറോപ്യൻ രാജ്യങ്ങളായ ഫിൻലാൻഡ്. ഡെൻമാർക്ക് എന്നിവിടങ്ങളിൽനിന്ന് മുട്ട എത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും അവർ തയാറല്ലെന്ന മറുപടിയാണു ലഭിച്ചത്.
യുഎസ് വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലാത്തതിനാൽ ആവശ്യം നിരസിക്കുകയാണെന്ന് ഫിൻലാൻഡിലെ ഫിന്നിഷ് പൗൾട്രി അസോസിയേഷൻ അറിയിച്ചു.
ഫിൻലാൻഡിന് യുഎസിലേക്ക് മുട്ടകൾ കയറ്റി അയയ്ക്കാനുള്ള ദേശീയ അനുമതി ഇല്ലെന്നും ഇത് സംബന്ധിച്ച അംഗീകൃത ചട്ടങ്ങൾ ഒന്നും നിലവിലില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പക്ഷിപ്പനി മൂലം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണു യുഎസിൽ മുട്ട വില വർധിക്കാൻ കാരണം.
ട്രംപ് അധികാരമേറ്റ് ആദ്യദിനംതന്നെ മുട്ടവില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭരണം ഒരു മാസം പിന്നിട്ടപ്പോൾ മുട്ടവില 59 ശതമാനം വർധിച്ചു. മാർച്ച് ആദ്യവാരം ഒരു ഡസൻ മുട്ടയ്ക്ക് എട്ടു ഡോളർ എന്ന നിലയിൽ എത്തിയിരുന്നു. ഇപ്പോൾ അത് ആറ് ഡോളറായിട്ടുണ്ടെങ്കിലും വില ഉയർന്നുതന്നെയാണ് നിൽക്കുന്നത്.