വോയ്സ് ഓഫ് അമേരിക്കയുടെ ഫണ്ട് തടഞ്ഞു
Monday, March 17, 2025 1:45 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ റേഡിയോ സർവീസായ വോയ്സ് ഓഫ് അമേരിക്കയ്ക്കുള്ള ധനസഹായം പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. വോയ്സ് ഓഫ് അമേരിക്ക ട്രംപ് വിരുദ്ധ പ്രചാരണം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിൽ പ്രവർത്തിക്കുന്ന 1,300 ജീവനക്കാർക്ക് ശന്പളത്തോടെ അവധി നല്കിയിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പ്രചാരണങ്ങളെ ചെറുക്കാനായി സ്ഥാപിച്ച വോയ്സ് ഓഫ് അമേരിക്ക അമേരിക്കൻ സർക്കാരിന്റെ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്.
വോയ്സ് ഓഫ് അമേരിക്കയുടെ മാതൃസ്ഥാപനമായ യുഎസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ്ക്കുള്ള ധനസഹായമാണ് ട്രംപ് മരവിപ്പിച്ചത്. വോയ്സ് ഓഫ് അമേരിക്കയ്ക്കു പുറമേ റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ സർവീസുകളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.