ഇന്ത്യയുടെ പുത്രിക്കായി ഞങ്ങൾ കാത്തിരിക്കുന്നു; സുനിതയ്ക്ക് കത്തെഴുതി മോദി
Wednesday, March 19, 2025 2:18 AM IST
ന്യൂഡല്‍ഹി: ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന സുനിത വില്യംസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് ഒന്നിന് അയച്ച കത്തില്‍ സുനിതയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സുനിത വില്യംസ് ഭൂമിയിലേക്കു തിരിച്ചതിനു ശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് കത്ത് പുറത്തുവിട്ടത്.
കത്തിന്റെ പൂര്‍ണരൂപം:
മിസിസ് സുനിത വില്യംസ്, ഇന്ത്യയിലെ ജനങ്ങളുടെ ആശംസകള്‍ ഞാന്‍ നിങ്ങളെ അറിയിക്കുന്നു. മൈക്ക് മാസിമിനോ (മുന്‍ നാസ ബാഹിരാകാശ യാത്രികന്)യുമായുള്ള കൂടിക്കാഴ്ചയില്‍ നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഞങ്ങള്‍ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് ചര്‍ച്ച ചെയ്തു. ഈ ആശയവിനിമയത്തിനുശേഷം, നിങ്ങള്‍ക്ക് കത്ത് എഴുതുന്നതില്‍നിന്ന് എനിക്ക് എന്നെത്ത ന്നെ തടയാന്‍ കഴിഞ്ഞില്ല.
അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ജോ ബൈഡനോടുള്ള നിങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.
140 കോടി ഇന്ത്യക്കാര്‍ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളില്‍ വളരെയധികം അഭിമാനിക്കുന്നു. സമീപകാല സംഭവവികാസങ്ങളിലൂടെ നിങ്ങള്‍ വീണ്ടും പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കിയിരിക്കുന്നു. ആയിരക്കണക്കിനു മൈലുകള്‍ അകലെയാണെങ്കിലും, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളോടു ചേര്ന്നുനില്ക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദൗത്യത്തിലെ വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ബോണി പാണ്ഡ്യ (സുനിതയുടെ അമ്മ) നിങ്ങളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാവും. പരേതനായ ദീപക് ഭായി (സുനിതയുടെ അച്ഛന്) യുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ട്. 2016ല്‍ എന്റെ യുഎസ് സന്ദര്‍ശനത്തിനിടെ നിങ്ങളോടൊപ്പം അദ്ദേഹത്തെ കണ്ടത് ഞാനോര്‍ക്കുന്നു.
തിരിച്ചുവരവിനു ശേഷം, ഇന്ത്യയില്‍ നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സന്തോഷകരമായിരിക്കും.മൈക്കിള്‍ വില്യമിന് എന്റെ ഊഷ്മളമായ ആശംസകള്‍.
നിങ്ങള്‍ക്കും ബുച്ച് വിൽമറിനും സുരക്ഷിതമായി തിരിച്ചുവരാനാകട്ടെയെന്ന് ആശംസിക്കുന്നു.
നിങ്ങളുടെ,നരേന്ദ്ര മോദി