മാർപാപ്പയ്ക്കുവേണ്ടി ഇന്ന് പ്രത്യേക വിശുദ്ധ കുർബാന
Friday, March 14, 2025 1:49 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും പുരോഗതിയെന്ന് വത്തിക്കാന്‍. കഴിഞ്ഞദിവസത്തെ എക്സ് റേ പരിശോധനാഫലം തൃപ്തികരമാണ്.
എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്സിജൻ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെയും നന്നായി ഉറങ്ങി. രാവിലെ സ്വകാര്യ ചാപ്പലിൽ പ്രാർഥനയിൽ ചെലവഴിച്ചു. വൈകുന്നേരം വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്നുവരുന്ന നോന്പുകാല ധ്യാനത്തിൽ വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്തു.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാർഷികദിനത്തിൽ ആശംസകളർപ്പിച്ചും രോഗമുക്തിക്കായി പ്രാർഥിച്ചും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് കത്തുകൾ ലഭിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സ്കൂളുകൾ, സംഘടനകൾ, മതസ്ഥാപനങ്ങൾ, യുവതീ-യുവാക്കൾ, കുട്ടികൾ എന്നിവരിൽനിന്നാണു കത്തുകൾ ലഭിച്ചത്. വത്തിക്കാനിൽ ലഭിച്ച കത്തുകൾ ഇന്നലെ ജെമെല്ലി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് മാർപാപ്പയെ കാണിച്ചു.
അതേസമയം, ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി ഇന്ന് പ്രാദേശികസമയം രാവിലെ 10.30ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.
അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ കർദിനാൾമാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. വത്തിക്കാൻ മീഡിയ ഇതു തത്സമയം സംപ്രേഷണം ചെയ്യും.
തുർക്കി സന്ദർശനം പരിഗണനയിൽ
മാർപാപ്പയുടെ തുര്‍ക്കി സന്ദര്‍ശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വത്തിക്കാന്‍ തള്ളി. മേയ് മാസത്തിൽ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തിനായി ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയത്. സന്ദർശനം പരിഗണനയിലുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു.