ഇറാക്കിലെ ഐഎസ് തലവനെ വധിച്ചു
Sunday, March 16, 2025 1:34 AM IST
ബാഗ്ദാദ്: ഇറാക്കിന്റെയും സിറിയയുടെയും ചുമതലയുള്ള ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബ്ദുള്ള അൽ റിഫായി (അബു ഖദീജ) കൊല്ലപ്പെട്ടു. ഇറാക്കി ഇന്റലിജൻസിന്റെ സഹായത്തോടെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിലായിരുന്നു മരണം.
പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിലാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആഗോളതല ആസൂത്രണത്തിലും നടത്തിപ്പിലും ഇയാൾ മുഖ്യ പങ്കു വഹിച്ചിരുന്നു. സംഘടനയുടെ സാന്പത്തിക കാര്യങ്ങളും നിയന്ത്രിച്ചിരുന്നു.
ഇയാൾക്കൊപ്പം മറ്റൊരു ഐഎസ് ഭീകരൻകൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരും ചാവേർ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ധരിച്ചിരുന്നു. ഒട്ടേറെ ആയുധങ്ങളും ഇവരുടെ പക്കൽനിന്നു കണ്ടെത്തി.