ഹൂതികൾക്കെതിരേ യുഎസ് ആക്രമണം
Monday, March 17, 2025 1:45 AM IST
സനാ: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ സേന യെമനിലെ ഹൂതി വിമതർക്കെതിരേ സൈനികനടപടി ആരംഭിച്ചു. ശനിയാഴ്ച രാത്രി അമേരിക്കൻ പോർവിമാനങ്ങൾ ഹൂതികളുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തി. 31 പേർ കൊല്ലപ്പെടുകയും 101 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും ഹൂതികൾ അറിയിച്ചു.
ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾ ആക്രമിക്കുന്നതിന്റെ പേരിലാണു സൈനികനടപടിയെന്നു വ്യക്തമാക്കിയ ട്രംപ് ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനു ശക്തമായ മുന്നറിയിപ്പു നല്കുകയും ചെയ്തു. ഹൂതികൾക്കുള്ള പിന്തുണ ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ ശുഭകരമായിരിക്കില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഹൂതികൾ സ്വന്തം നിലയിലാണു പ്രവർത്തിക്കുന്നതെന്നും ഇറാനെതിരേ നടപടി ഉണ്ടായാൽ ശക്തമായ തിരിച്ചടി നല്കുമെന്നും അവിടുത്തെ വിപ്ലവഗാർഡ് കമാൻഡർ ഹുസൈൻ സലാമി പ്രതികരിച്ചു.
ട്രംപ് അമേരിക്കൻ പ്രസിഡന്റായശേഷം ഹൂതികൾക്കതിരേ നടത്തുന്ന ഏറ്റവും വിപുലമായ സൈനിക നടപടിയാണിത്. ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹനി ഹാരി എസ്. ട്രൂമാനിലെ പോർവിമാനങ്ങളാണ് ആക്രമണം നടത്തിയത്. തലസ്ഥാനമായ സനാ, തെക്കുപടിഞ്ഞാറൻ നഗരമായ തായിസ്, ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ ഹൂതി സന്ദർശകരെ സ്വീകരിക്കുന്ന ദഹ്യാൻ പട്ടണം എന്നിവിടങ്ങളിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. സൈനികനടപടി ആഴ്ചകൾ നീളുമെന്നാണ് അമേരിക്കൻ സൈനികവൃത്തങ്ങൾ വെളിപ്പെടുത്തിയത്.
ആക്രമണത്തെ ഇറാൻ അപലപിച്ചു. അമേരിക്കയെ നേരിടാൻ തയാറാണെന്ന് ഹൂതികൾ പറഞ്ഞു.
ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടങ്ങിയശേഷം ഹൂതികൾ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേരേ 174ഉം വാണിജ്യ കപ്പലുകൾക്കു നേർക്ക് 145ഉം തവണ ആക്രമണങ്ങൾ നടത്തിയെന്നാണ് അമേരിക്കൻ പ്രതിരോധവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.