ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു
Monday, March 17, 2025 1:45 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാവേർ ആക്രമണത്തിൽ മൂന്നു പാരാമിലിട്ടറി സൈനികർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു.
മരണസംഖ്യ ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. നോഷ്കി-ദൽബന്ദിയാൻ ദേശീയപാതയിൽ ഫ്രോണ്ടിയർ കോറിന്റെ വാഹനവ്യൂഹത്തിനു നേർക്കാണ് ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) ഭീകരർ ആക്രമണം നടത്തിയത്. ചാവേർ ഉൾപ്പെടെ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയത് ബിഎൽഎ ഭീകരരായിരുന്നു.
ഫ്രോണ്ടിയർ കോർ വാഹനവ്യൂഹത്തിലേക്ക് ചാവേർ മോട്ടോർ സൈക്കിൾ ഓടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് മറ്റു ഭീകരർ വെടിവയ്പ് നടത്തി. സുരക്ഷാസൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു.