നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ഥി കൊല്ലപ്പെട്ടു
Wednesday, March 19, 2025 12:56 AM IST
അബൂജ: തെക്കൻ നൈജീരിയയിൽ ഒരു വൈദികനോടൊപ്പം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർഥി കൊല്ലപ്പെട്ടു. എഡോ സംസ്ഥാനത്തെ ഔചി രൂപതയിലെ വൈദിക വിദ്യാര്‍ഥി ആൻഡ്രൂ പീറ്റർ (21) ആണു കൊല്ലപ്പെട്ടത്. ഫാ. പീറ്റർ എഗിയെലെവയെയാണു മോചിപ്പിച്ചത്.
കഴിഞ്ഞ മൂന്നിന് സംസ്ഥാനത്തെ എറ്റ്സാക്കോ ഈസ്റ്റ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയുടെ റെക്ടറിയിൽനിന്ന് രാത്രി 9.30 ഓടെയാണു ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
ആയുധധാരികളായ ആളുകൾ റെക്ടറിയിലും പള്ളിയിലും പ്രവേശിച്ച് അതിക്രമം നടത്തിയതിനുശേഷം ഇരുവരെയും അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ 13നാണ് ഫാ. പീറ്ററിനെ മോചിപ്പിച്ചത്.
തൊട്ടടുത്ത ദിവസം ആൻഡ്രുവിന്റെ മൃതദേഹം വനത്തിൽനിന്നു രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയും ചെയ്തു. മേജർ സെമിനാരി വിദ്യാർഥിയായ ആൻഡ്രു ഫാ.പീറ്ററിനെ സഹായിക്കാൻ ഇടവകദേവാലയത്തിൽ എത്തിയതായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇതിൽ 11 വൈദികർ കൊല്ലപ്പെട്ടു.
നാലുപേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. രാജ്യത്തെ തെക്കൻ പ്രദേശത്തെ ഒവേരി, ഒനിറ്റ്ഷാ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കാഡുനയിലുമാണ് ഏറ്റവും കൂടുതൽ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.