ആശുപത്രി ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മാർപാപ്പ
Saturday, March 15, 2025 1:49 AM IST
വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാർഷികം റോമിലെ ജെമെല്ലി ആശുപത്രിമുറിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. വ്യാഴാഴ്ച വൈകുന്നേരം കേക്കും കത്തിച്ച മെഴുകുതിരികളുമായി മാർപാപ്പയ്ക്കരികിൽ എത്തിയ ഡോക്ടർമാർ ദിനത്തിന്റെ പ്രത്യേകത മാർപാപ്പയെ അറിയിക്കുകയായിരുന്നു.
തുടർന്ന് കേക്ക് മുറിക്കുകയും ആശുപത്രി ജീവനക്കാർ മംഗളഗാനം ആലപിക്കുകയും ചെയ്തു. മാർപാപ്പയ്ക്ക് വിവിധ ലോകനേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെത്രാൻ സമിതികളും വിവിധ സംഘടനകളും ആശംസാസന്ദേശങ്ങൾ അയച്ചിരുന്നു.
അതേസമയം, മാർപാപ്പയുടെ രോഗമുക്തിക്കായി വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ ഇന്നലെ രാവിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
ഈ പ്രഭാതത്തിൽ പ്രാർഥിക്കാനായി നാം ഒരുമിച്ചുചേർന്നിരിക്കുന്നത് പരിശുദ്ധ പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കാനും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി നമുക്കിടയിലേക്ക് തിരിച്ചെത്താനുമുള്ള നിയോഗവുമായാണെന്ന് വചനസന്ദേശത്തിൽ കർദിനാൾ പരോളിൻ പറഞ്ഞു.