പീഡനത്തിനിരയായ എട്ടുവയസുകാരി മരിച്ചു; ബംഗ്ലാദേശിൽ പ്രതിഷേധം
Saturday, March 15, 2025 12:00 AM IST
ധാക്ക: ബലാത്സംഗത്തിനിരയായ എട്ടുവയസുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവം ബംഗ്ലാദേശിൽ വൻ പ്രതിഷേധങ്ങൾക്കിടയാക്കി.
മാഗുര നഗരവാസിയായ ബാലിക നഗരത്തിൽത്തന്നെയുള്ള ചേച്ചിയുടെ വീട് സന്ദർശിക്കവേ ഈ മാസം മാസം അഞ്ചിനു രാത്രിയിലാണ് പീഡനത്തിനിരയായത്. ചേച്ചിയുടെ പതിനെട്ടുകാരനായ ഭർത്താവ്, ഭർത്താവിന്റെ സഹോദരൻ, മാതാപിതാക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ധാക്കയിലെ മിലിട്ടറി ആശുപത്രിയിലേക്കു മാറ്റിയ പെൺകുട്ടി വ്യാഴാഴ്ചയാണു മരിച്ചത്. മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ജനക്കൂട്ടം സംഘടിച്ച് കുറ്റകൃത്യം നടന്ന വീടിനു തീയിട്ടു.
മാഗുര നഗരത്തിലും വൻ പ്രതിഷേധപ്രകടനങ്ങളുണ്ടായി. ബാലികയുടെ അന്ത്യകർമ പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. ധാക്ക യൂണിവേഴ്സിറ്റിയിൽ വനിതാ വിദ്യാർഥികളും പ്രകടനങ്ങൾ നടത്തി.
പ്രതികളുടെ വിചാരണ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചേക്കും. ബംഗ്ലാദേശിൽ പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവർക്കു വധശിക്ഷ വരെ ലഭിക്കാം.