സിനഡാത്മക സഭ; 2028 ഒക്ടോബറിൽ പ്രത്യേക സഭാ അസംബ്ലി വിളിച്ചുചേർത്ത് മാർപാപ്പ
Sunday, March 16, 2025 1:34 AM IST
വത്തിക്കാൻ സിറ്റി: സിനഡാത്മക സഭയെക്കുറിച്ചു നടന്ന ചർച്ചകളിലെയും സമ്മേളനങ്ങളിലെയും നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി 2028 ഒക്ടോബറിൽ പ്രത്യേക സഭാ അസംബ്ലി വിളിച്ചുചേർക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചതായി സിനഡ് ജനറൽ സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് അറിയിച്ചു.
സിനഡാത്മകതയെക്കുറിച്ച് 2024ൽ അവസാനിച്ച മൂന്നു വർഷം നടന്ന ചർച്ചകളിലും സമ്മേളനങ്ങളിലും രൂപംകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുകയെന്നതാണ് പോസ്റ്റ് സിനഡൽ അസംബ്ലിയുടെ പ്രധാന ലക്ഷ്യമെന്ന് കർദിനാൾ പറഞ്ഞു.
ഇതുപ്രകാരം 2027ൽ രൂപതാടിസ്ഥാനത്തിലും ദേശീയ അടിസ്ഥാനത്തിലുമുള്ള വിലയിരുത്തൽ സമ്മേളനങ്ങൾ നടക്കും. 2028 ആദ്യം ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ സമ്മേളനങ്ങളും നടക്കും. തുടർന്നാണ് ഒക്ടോബറിൽ പ്രത്യേക സഭാ അസംബ്ലി നടക്കുക.
അതേസമയം, ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. അതിനാൽത്തന്നെ ആരോഗ്യനില സംബന്ധിച്ച പത്രക്കുറിപ്പ് ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാക്കി.
ഇതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. മാർപാപ്പയുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ സെലൻസ്കി, തന്റെ രാജ്യം മുഴുവൻ രോഗമുക്തിക്കായി പ്രാർഥിക്കുന്നുണ്ടെന്നും റഷ്യ അനധികൃതമായി നാടുകടത്തിയ യുക്രെയ്നിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും സമാധാനശ്രമങ്ങളിൽ വത്തിക്കാൻ വഹിക്കുന്ന പങ്കിനും നന്ദി പറഞ്ഞു.
റഷ്യ തടവിലാക്കിയിരിക്കുന്നവരും റഷ്യൻ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നവരുമായ യുക്രെയ്ൻകാരുടെ വിവരങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ പക്കലുണ്ടെന്നും അവരുടെ മോചനത്തിനായുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.