അമേരിക്കൻ യാത്രാ വിമാനത്തിൽ തീപിടിത്തം
Saturday, March 15, 2025 12:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 178 പേരുമായി പറന്ന യാത്രാവിമാനത്തിൽ തീപിടിത്തം.എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞു. 12 പേർക്കു നിസാര പരിക്കേറ്റു.
കൊളറാഡോ സ്പ്രിംഗ്സിൽനിന്നു ഡാളസിലേക്കു പുറപ്പെട്ട വിമാനത്തിന്റെ എൻജിനു തകാറുള്ളതായി ജീവനക്കാർ കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തരമായി ഡെൻവർ വിമാനത്താവളത്തിൽ ഇറക്കി. ഈ സമയത്താണു തീപിടിത്തമുണ്ടായത്.
യാത്രക്കാർ വിമാനത്തിന്റെ ചിറകിൽ കയറിനിന്നാണു രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാർ ഉടൻതന്നെ ഏണിയും മറ്റു സംവിധാനങ്ങളുമെത്തിച്ച് ഇവരെ താഴെയിറക്കി.
ബോയിംഗ് കന്പനിയുടെ 737-800 മോഡൽ വിമാനമാണിത്. വിമാനത്തിന്റെ വലത്തെ എൻജിനു തീപിടിക്കുന്ന വീഡിയോ പുറത്തുവന്നു. തീ അണച്ചതായി അധികൃതർ അറിയിച്ചു. ഡെൻവർ വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടില്ല.