ഗാസ: പിന്തുണച്ച് അമേരിക്ക, അപലപിച്ച് സൗദിയും ഈജിപ്തും
Tuesday, March 18, 2025 11:28 PM IST
വാഷിംഗ്ടൺ ഡിസി: ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ പിന്തുണച്ച് അമേരിക്ക. തങ്ങളോട് ആലോചിച്ച ശേഷമാണ് ഗാസയിലെ ഇസ്രയേൽ ആക്രമണമെന്നും പിന്തുണയ്ക്കുന്നതായും വൈറ്റ്ഹൗസ് അറിയിച്ചു. ഹമാസ് യുദ്ധം തെരഞ്ഞെടുക്കുകയായിരുന്നെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പറഞ്ഞു.
വെടിനിർത്തൽ നീട്ടാൻ ഹമാസിനു ബന്ദികളെ വിട്ടയയ്ക്കാമായിരുന്നു. പകരം, ഇതിനു വിസമ്മതിച്ച ഹമാസ് യുദ്ധം തെരഞ്ഞെടുകയായിരുന്നു -ഹ്യൂസ് പറഞ്ഞു. അതേസമയം, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രേലി ആക്രമണത്തെ അപലപിച്ചു.
കരയാക്രമണം ആരംഭിച്ചേക്കുമെന്ന സൂചന നൽകി കിഴക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. മുസ്ലിം പുണ്യമാസമായ റംസാനിൽ നടത്തിയ ആക്രമണം യുദ്ധം പുനരാരംഭിക്കാനും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനാളുകൾക്കു ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയേക്കും.
ഇതോടെ, ഹമാസിന്റെ കൈയിലുണ്ടെന്നു കരുതപ്പെടുന്ന രണ്ട് ഡസനോളം ബന്ദികളുടെ ജീവനും ഭീഷണി ഉയർന്നിരിക്കുകയാണ്. യുദ്ധം പുനരാരംഭിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം, ശേഷിക്കുന്ന ബന്ദികളുടെ വധശിക്ഷയ്ക്കു തുല്യമാണെന്നു ഹമാസ് നേതാവ് ഇസ്സാത്ത് അൽ-റിഷെഖ് പറഞ്ഞു. തന്റെ തീവ്ര വലതുപക്ഷ സർക്കാർ തകരാതിരിക്കാനാണ് നെതന്യാഹു ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഇസ്രയേൽ ആക്രമണത്തിനു ശേഷവും ഹമാസ് തിരിച്ചടിച്ചിട്ടില്ല. വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ബന്ദിമോചന വിഷയത്തിൽ നെതന്യാഹുവിനെതിരേ ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ആക്രമണത്തിനുള്ള ഉത്തരവുണ്ടായത്.
ഇസ്രയേൽ സുരക്ഷാ ഏജൻസി തലവനെ പുറത്താക്കിയ തീരുമാനവും നെതന്യാഹുവിനെതിരേ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അഴിമതിക്കേസ് വിചാരണയിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഇതോടെ നെതന്യാഹു ഒഴിവായി. വാദം കേൾക്കൽ ഒഴിവാക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചതായി നെതന്യാഹു പറഞ്ഞു.
വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഹമാസ് 25 ബന്ദികളെ വിട്ടയച്ചു. എട്ട് മൃതദേഹങ്ങളും കൈമാറി. പകരമായി ഇസ്രയേൽ 2,000 പലസ്തീൻ തടവുകാരെ വിട്ടയച്ചു. എന്നാൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള രണ്ടാം ഘട്ട ചർച്ച മുന്നോട്ടുകൊണ്ടു പോകാൻ ഇരുപക്ഷത്തിനും സാധിച്ചില്ല. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.