വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ ഇസ്രേലി സേന രക്ഷപ്പെടുത്തി
Friday, March 7, 2025 2:33 AM IST
ജറുസലെം: ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിൽ ബന്ദിയാക്കപ്പെട്ട പത്ത് ഇന്ത്യൻ നിർമാണ തൊഴിലാളികളെ ഇസ്രേലി സേന രക്ഷപ്പെടുത്തി.
ജോലി നൽകാമെന്നു പ്രലോഭിപ്പിച്ചാണ് വെസ്റ്റ് ബാങ്കിലെ അൽ-സായെം ഗ്രാമത്തിലേക്ക് ഇന്ത്യൻ തൊഴിലാളികളെ എത്തിച്ചത്. തുടർന്ന് അവരുടെ പാസ്പോർട്ട് പലസ്തീനികൾ തട്ടിയെടുത്തു. ഇസ്രയേലിലേക്കു കടക്കാനാണ് പാസ്പോർട്ട് തട്ടിയെടുത്തത്.
ഇസ്രയേലിൽ നിർമാണമേഖലയിൽ ജോലി ചെയ്യാനാണ് ഇന്ത്യക്കാരെത്തിയത്. നിർമാണമേഖലയിൽ ജോലിക്കായി ഒരു വർഷത്തിനിടെ 16,000 ഇന്ത്യക്കാർ ഇസ്രയേലിൽ എത്തിയിരുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിനു പലസ്തീൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാർ കൂടുതലായി ഇസ്രയേലിലെത്തിയത്.