റഷ്യക്കെതിരായ സൈബർ ആക്രമണങ്ങൾ യുഎസ് നിർത്തിവച്ചു
Tuesday, March 4, 2025 3:38 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യക്കെതിരായ സൈബർ ഓപ്പറേഷനുകൾ അമേരിക്ക നിർത്തിവച്ചതായി റിപ്പോർട്ട്.
സൈബർ സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള സൈബർ കമാൻഡിന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നൽകിയ പുതിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് നടപടി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുമായി നടത്തുന്ന ചർച്ചകൾക്കു തടസമുണ്ടാകാതിരിക്കാനാണ് സൈബർ ഓപ്പറേഷനുകൾ അമേരിക്ക നിർത്തിവച്ചതെന്നു സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്പാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ജനുവരിയിൽ അധികാരത്തിലേറിയ ട്രംപ് റഷ്യയോട് മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യുദ്ധം ആരംഭിച്ചത് യുക്രെയ്നാണെന്നു വരെ അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.