വെടിനിർത്തൽ നീട്ടാനില്ലെന്നു ഹമാസ്; ഗാസയ്ക്കു സഹായം തടഞ്ഞ് ഇസ്രയേൽ
Monday, March 3, 2025 3:06 AM IST
ടെൽ അവീവ്: ഒന്നാംഘട്ട വെടിനിർത്തൽ ആറ് ആഴ്ചത്തേക്കുകൂടി നീട്ടാനുള്ള നിർദേശം ഹമാസ് നിരാകരിച്ചതിനെത്തുടർന്ന് ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കുന്നത് ഇസ്രയേൽ തടഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉത്തരവു പ്രകാരം ഇന്നലെ രാവിലെ മുതൽ ഒരുവിധ വസ്തുക്കളും ഗാസയിലേക്കു കടത്തിവിടില്ലെന്ന് ഇസ്രയേൽ അറിയിച്ചു.
മൂന്നുഘട്ടങ്ങളായി വിഭാവനം ചെയ്യുന്ന ഗാസ വെടിനിർത്തലിന്റെ ജനുവരി 19നാരംഭിച്ച ആറാഴ്ച നീണ്ട ഒന്നാംഘട്ടം മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. വീണ്ടും ആറാഴ്ചത്തേക്കുകൂടി ഒന്നാംഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കണമെന്ന നിർദേശം യുഎസ് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണു മുന്നോട്ടുവച്ചത്. ഇസ്രയേലിന് ഇതു സമ്മതമാണെങ്കിലും ഹമാസ് അംഗീകരിക്കാൻ തയാറല്ല.
യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഗാസയിൽ അവശേഷിക്കുന്ന ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും നിർദേശിക്കുന്നത് രണ്ടാം ഘട്ട വെടിനിർത്തലിലാണ്. രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച് മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരിൽനിന്ന് ഉറപ്പു ലഭിച്ചാലേ ഒന്നാം ഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിക്കൂ എന്നാണു ഹമാസിന്റെ നിലപാട്.
യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ചർച്ചകൾ ആവശ്യമെന്ന അഭിപ്രായത്തിലാണ് ഒന്നാംഘട്ട വെടിനിൽത്തൽ നീട്ടാൻ സ്റ്റീവ് വിറ്റ്കോഫ് നിർദേശിച്ചതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഗാസയിൽ ജീവനോടെയും അല്ലാതെയും അവശേഷിക്കുന്ന ബന്ദികളിൽ പാതിയെയും മോചിപ്പിച്ചുകൊണ്ട് ഒന്നാംഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കാമെന്നാണ് വിറ്റ്കോഫിന്റെ പദ്ധതിയിൽ പറയുന്നത്.
ബന്ദിമോചനം തുടർന്നാലേ വെടിനിർത്തലും തുടരൂ എന്ന് ഇന്നലെ വ്യക്തമാക്കിയ ഇസ്രയേൽ, ഹമാസ് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി. എന്നാൽ, ഗാസയ്ക്കു സഹായം തടഞ്ഞത് വിലകുറഞ്ഞ ബ്ലാക്മെയിൽ തന്ത്രമാണെന്നു ഹമാസ് പ്രതികരിച്ചു.
15 മാസത്തെ യുദ്ധത്തിനൊടുവിൽ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിൽ നിലവിൽവന്ന ഒന്നാംഘട്ട വെടിനിർത്തലിൽ ഹമാസിന്റെ കസ്റ്റഡിയിൽനിന്ന് 33 ഇസ്രേലി ബന്ദികളും അഞ്ചു തായ്ലൻഡ് പൗരന്മാരും മോചിതരായിരുന്നു. ഇതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 1,900 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. ഹമാസിന്റെ കസ്റ്റഡിയിൽനിന്ന് ഇനി ജീവനോടെ 24 പേരെയും 39 മൃതദേഹങ്ങളും വിട്ടുകിട്ടാനുണ്ട്.