ഗാസ പുനരുദ്ധാരണത്തിന് ബദൽ പദ്ധതി അംഗീകരിച്ച് അറബ് രാജ്യങ്ങൾ
Thursday, March 6, 2025 12:18 AM IST
കയ്റോ: ഗാസയുടെ പുനർനിർമാണത്തിനായി ഈജിപ്ത് മുന്നോട്ടുവച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കയ്റോയിൽ ചേർന്ന അറബ് ഉച്ചകോടി അംഗീകരിച്ചു. യുദ്ധാനന്തര ഗാസയുടെ ഭരണം അടക്കമുള്ള കാര്യങ്ങൾ പദ്ധതിയിൽ നിർദേശിക്കുന്നുണ്ട്.
പലസ്തീനികളെ പുറത്താക്കി ഗാസയെ സുഖവാസ കേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പദ്ധതിക്കു ബദലായിട്ടാണ് അറബ് രാജ്യങ്ങൾ മറ്റൊരു പദ്ധതി തയാറാക്കിയത്. ഗാസയിലെ യാഥാർഥ്യം മനസിലാക്കാൻ അറബ് രാജ്യങ്ങൾക്കു കഴിയുന്നില്ലെന്നും ട്രംപ് അദ്ദേഹത്തിന്റെ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
അതേസമയം ഗാസയിലെ ഹമാസ് ഭീകരർ പദ്ധതിയെ സ്വാഗതം ചെയ്തു. ഇസ്രേലി നേതൃത്വം വിമർശനമുന്നയിച്ചു.
യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായി സ്വതന്ത്ര പലസ്തീൻ സമിതി രൂപവത്കരിക്കാനുള്ള നിർദേശം പദ്ധതിയിലുണ്ട്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയുടെ കീഴിയിലായിരിക്കും സമിതി പ്രവർത്തിക്കുക. ഹമാസിന് സമിതിയിൽ പ്രാതിനിധ്യമുണ്ടാകില്ല. ഹമാസ് ഈ നിർദേശം അംഗീകരിച്ചിട്ടുണ്ടെങ്കിലും ആയുധം താഴെവയ്ക്കാൻ തയാറാകില്ലെന്നാണു സൂചന.
ഗാസയിൽ അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കാൻ യുഎൻ രക്ഷാസമിതി തയാറാകണമെന്നും പദ്ധതിയിൽ ആവശ്യപ്പെടുന്നു.
പദ്ധതിക്കുവേണ്ട പണം കണ്ടെത്താനായി അടുത്ത മാസം അന്താരാഷ്ട്ര ഉച്ചകോടി ചേർന്നേക്കും. സംഭാവനകൾ നല്കാൻ ചില അറബ് രാജ്യങ്ങൾക്കു താത്പര്യമുണ്ടെങ്കിലും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടില്ലെന്ന ഉറപ്പു വേണമെന്ന് ഇവരാവശ്യപ്പെടുന്നു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പദ്ധതിയെ സ്വാഗതം ചെയ്തു.