തീരുവയിൽ തീർത്തുകളയും: വീണ്ടും ട്രംപ്
Thursday, March 6, 2025 2:53 AM IST
ന്യൂയോർക്ക്: തീരുവയുദ്ധത്തിൽ ഇന്ത്യക്കും ഒഴിവില്ലെന്നു പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും മറ്റു രാജ്യങ്ങളും അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന തീരുവ അന്യായമാണെന്ന് ട്രംപ് വിമർശിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും ഏപ്രിൽ രണ്ടുമുതൽ തിരിച്ചും തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
യുഎസ് കോണ്ഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ തീരുവ പ്രയോഗിച്ചു. ഇപ്പോൾ അമേരിക്കയുടെ ഊഴമാണ്. അവർക്കെതിരേ അവ ഉപയോഗിക്കാൻ തുടങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യക്കും ചൈനയ്ക്കും മേൽ തീരുവ ചുമത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ പറഞ്ഞ കാര്യം ട്രംപ് ആവർത്തിച്ചു.
തീരുവ നയത്തിൽ ഇന്ത്യക്കും ഒഴിവില്ലെന്ന് മോദിയോടു വ്യക്തമായി പറഞ്ഞിരുന്നതായും ട്രംപ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അമേരിക്ക ചുമത്തുന്നതിലും ഇരട്ടിയാണ് ചൈന ചുമത്തുന്ന തീരുവ. ദക്ഷിണ കൊറിയയുടെ ശരാശരി തീരുവ നാലിരട്ടിയാണ്.
നാലിരട്ടി കൂടുതലാണ്. അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് സൈനികമായും മറ്റുപല വഴികളിലും സഹായം നൽകുന്നു. പക്ഷേ അതാണു സംഭവിക്കുന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളും പതിറ്റാണ്ടുകളായി തങ്ങളെ പിഴുതെറിയുകയാണ്. ഇനി അതു സംഭവിക്കാൻ അനുവദിക്കില്ല- ട്രംപ് പറഞ്ഞു.
തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ രൂക്ഷ പ്രതികരണവുമായി ചൈന രംഗത്തെത്തി. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ അവസാനം വരെ പോരാടാൻ തങ്ങൾ തയാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും വിലപ്പോകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
കാനഡയ്ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി.
10,000 കോടി യുഎസ് ഡോളറിനു മുകളിലുള്ള യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ നടപടിക്കെതിരേ കാനഡ ഡബ്ല്യുടിഒയിൽ പരാതി നൽകിയിട്ടുണ്ട്. ഒന്റാരിയോ, ക്യൂബെക് പ്രവിശ്യകളിൽ യുഎസ് മദ്യത്തിന് കാനഡ വിലക്കേർപ്പെടുത്തി.