ബോറിസ് സ്പാസ്കി അന്തരിച്ചു
Friday, February 28, 2025 11:34 PM IST
മോസ്കോ: സോവ്യറ്റ് ചെസ് ഗ്രാൻഡ് മാസ്റ്റർ ബോറിസ് സ്പാസ്കി (88) അന്തരിച്ചു. റഷ്യൻ ചെസ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. മരണകാരണമോ എവിടെവച്ചു മരിച്ചുവെന്നോ വ്യക്തമാക്കിയില്ല.
പാസ്കിയുടെ വിയോഗം റഷ്യക്കു തീരാനഷ്ടമാണെന്നു ഫെഡറേഷൻ പറഞ്ഞു.
സോവ്യറ്റ് റഷ്യയിലെ ലെനിൻഗ്രാഡിൽ (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബെർഗ്) ജനിച്ച സ്പാസ്കി കുട്ടിക്കാലം മുതലേ ചെസിൽ മികവു കാട്ടിയിരുന്നു. 18-ാം വയസിൽ ജൂണിയർ ലോക ചാന്പ്യൻഷിപ്പും ഗ്രാൻഡ് മാസ്റ്റർ പട്ടവും സ്വന്തമാക്കി. അക്കാലത്ത് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.
1969 മുതൽ 1972ൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ബോബി ഫിഷറിനോട് തോൽക്കുന്നതുവരെ സ്പാസ്കിയായിരുന്നു ലോകചാന്പ്യൻ. ശീതയുദ്ധത്തിനിടെ നടന്ന ഫിഷർ-സ്പാസ്കി ലോക ചാന്പ്യൻഷിപ്പ് പോരാട്ടം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശക്തിപ്രകടനത്തിന്റെ വേദികൂടിയായി. ‘നൂറ്റാണ്ടിന്റെ മത്സരം’ എന്നറിയപ്പെട്ട ചാന്പ്യൻഷിപ്പ് ഒട്ടേറെ പുസ്തകങ്ങൾക്കും സിനിമകൾക്കും പ്രചോദനമായി.
പിന്നീട് ഫ്രാൻസിലേക്കു കുടിയേറിയ സ്പാസ്കിക്ക് 1978ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. 1984, 1986, 1988 വർഷങ്ങളിലെ ചെസ് ഒളിംപ്യാഡിൽ അദ്ദേഹം ഫ്രാൻസിനെ പ്രതിനിധീകരിച്ചിരുന്നു. 2012 ൽ ഫ്രാൻസ് വിട്ട സ്പാസ്കി റഷ്യയിൽ തിരിച്ചെത്തുകയായിരുന്നു.