എസ്. ജയ്ശങ്കറിനു നേരേ ലണ്ടനിൽ ഖലിസ്ഥാൻ വാദികളുടെ ആക്രമണശ്രമം
Friday, March 7, 2025 2:33 AM IST
ലണ്ടൻ: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുനേരേ ലണ്ടനിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണശ്രമം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മന്ത്രി കാറിൽ കയറാനായി പുറത്തേക്കെത്തിയപ്പോൾ അക്രമികളിലൊരാൾ ഇന്ത്യൻ പതാക കീറിക്കൊണ്ട് ജയ്ശങ്കറിനെ ലക്ഷ്യംവച്ച് ഓടിയടുക്കുകയായിരുന്നു.
എന്നാൽ, നിമിഷങ്ങൾക്കകം സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴ്പ്പെടുത്തി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയ്ശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി നിരവധി ഖലിസ്ഥാൻ വാദികളാണ് പതാകയേന്തി നിന്നിരുന്നത്.
ഈ മാസം നാലിന് യുകെയിലെത്തിയ ജയ്ശങ്കർ ഒന്പതുവരെ അവിടെയുണ്ടാകും. ഇന്ത്യ-ബ്രിട്ടൻ നയതന്ത്രബന്ധം ശക്തമാക്കാൻ ലക്ഷ്യമിട്ടാണു സന്ദർശനം. വ്യാപാരം, ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ സഹകരണത്തിനുള്ള ചർച്ചകൾ നടക്കും. ചൊവ്വാഴ്ച യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനു നേരേ ലണ്ടനിലുണ്ടായ പ്രതിഷേധത്തിലെ സുരക്ഷാവീഴ്ച തീർത്തും അപലപനീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഇന്ത്യ.
ആതിഥേയ സർക്കാർ നയതന്ത്രചുമതലകൾ പൂർണമായി നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ പ്രസ്താവനയിൽ പറഞ്ഞു.
ജയ്ശങ്കർ ചർച്ചയിൽ പങ്കെടുത്ത ലണ്ടനിലെ ഛതം ഹൗസിനു പുറത്ത് ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയതിൽ സുരക്ഷാലംഘനം നടന്നു.
യുകെയിലെ ഇന്ത്യാവിരുദ്ധ ഘടകങ്ങളുടെ അക്രമാസക്ത പ്രതിഷേധങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ ആവർത്തിച്ചുകൊണ്ട് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ വിശദീകരിച്ചു.
പ്രതിഷേധം തീർത്തും അസ്വീകാര്യം: ബ്രിട്ടൻ
ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കറിനെതിരേ ലണ്ടനിൽ നടന്ന പ്രതിഷേധം പൂർണമായും അസ്വീകാര്യമാണെന്ന് ബ്രിട്ടൻ. വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശനവേളയിൽ ഛതം ഹൗസിനു പുറത്തു നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ബ്രിട്ടന്റെ വിദേശ, കോമണ്‍വെൽത്ത്, വികസന ഓഫീസ് (എഫ്സിഡിഒ) വക്താവ് പറഞ്ഞു.
അന്താരാഷ്ട്ര ബാധ്യതകൾക്കനുസൃതമായി എല്ലാ നയതന്ത്ര സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യം പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു.